മാവേലിക്കര: കീച്ചേരി കടവ് പാലത്തിന്റെ സ്പാൻ തകർന്ന് വീണ് അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച രാഘവ് കാർത്തിക്കിന് നാടിന്റെ യാത്രാമൊഴി. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ കാർത്തികേയന്റെയും ഗീതയുടെയും മകൻ രാഘവ് കാർത്തിക്കിന്റെ (24) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. രാഘവിന്റെ ഇളയ സഹോദരൻ അദ്വൈത് കാർത്തിക്ക് ചിതയ്ക്ക് തീ കൊളുത്തി. മൂന്നുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ എന്നിവരടക്കം നിരവധി ആളുകൾ അന്തിമോപചാരമർപ്പിച്ചു. രാഘവന് ഒപ്പം ജോലി ചെയ്തിരുന്ന തൃക്കുന്നപ്പുഴ കിഴക്ക് വടക്ക്മുറിയിൽ മണികണ്ഠൻ ചിറയിൽ ബിനുഭവനത്തിൽ ഗോപിയുടെയും അംബുജാക്ഷിയുടെയും മകൻ ബിനുവും (42) അപകടത്തിൽ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചു തൊഴിലാളികൾ രക്ഷപ്പെട്ടു.
പാലം അച്ചൻകോവിലാറ്റിലേക്ക് തകർന്നുവീണ് രണ്ടു പേർ മരിച്ച സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ സംഭവത്തിൽ റിപ്പോർട്ട് ലഭിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപാകതകൾ ചൂണ്ടിക്കാട്ടി, കളിയാക്കി വിട്ടു
പാലം നിർമ്മാണത്തിലെ അപാകതകൾ നേരത്തെ പലതവണ ചൂണ്ടിക്കാട്ടിയിട്ടും കളിയാക്കുന്നതുപോലെ തിരിച്ചു സംസാരിക്കുന്നതായിരുന്നു പാലം പണിക്കായി എത്തിയവരുടെ സധകപനമെന്ന് പ്രദേശവാസികൾ പറയുന്നു. അച്ചൻകോവിലാറ്റിലൂടെ ഒഴുകിവന്ന തടി ട്രസിന്റെ ഒരു തൂണിൽ ഇടിക്കുകയും തൂൺ തകർന്നു പോകുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരോടും പണിയേറ്റെടുത്തവരോടും പറഞ്ഞിരുന്നു. എന്നാൽ ഇവർ അത് അവഗണിച്ചു. . പിന്നീട് ട്രസിന് തൂൺ സ്ഥാപിച്ചെങ്കിലും അത് ആറിന്റെ അടിത്തട്ടിൽ കൃത്യമായി ഉറച്ചിട്ടില്ലെന്ന് പ്രദേശവാസികൾ അറിയിച്ചിരുന്നു. ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് ഗർഡറിന്റെ കോൺക്രീറ്റിംഗിലേക്ക് കടന്നത്.