p

ആലപ്പുഴ: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ആർ.സി രേഖകൾ പുതിയ ഉടമസ്ഥന്റെ പരിധിയിലെ ആർ.ടി ഓഫീസിലേക്ക് കൈമാറാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു.

വാഹനം വിറ്റാലുടൻ നിശ്ചിത ഫീസ് ഈടാക്കി വാങ്ങിയ ആളിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിനൽകാറുണ്ട്. ആർ.സി ബുക്ക് വാങ്ങിയ ആളിന്റെ വിലാസത്തിൽ എത്തുകയും ചെയ്യും.

എന്നാൽ, ഫിറ്റ്നസിനോ ഹൈപ്പോതിക്കേഷൻ നടപടികൾക്കോ ഉൾപ്പെടെ ശ്രമിക്കുമ്പോഴാണ് പഴയ ഓണറുടെ പരിധിയിലെ ആർ.ടി ഓഫീസിലാണ് വാഹന രേഖകളടക്കം ഉണ്ടാകുക എന്ന്

വ്യക്തമാകുന്നത്.അത് വാങ്ങിയ ആളിന്റെ ആർ.ടി ഓഫീസ് പരിധിയിലേക്ക് മാറ്റിയിട്ടുണ്ടാകില്ല. ഫീസ് അടയ്ക്കുന്നതിന് ഇത് തടസമില്ലെങ്കിലും ആർ.ടി ഓഫീസ് പരിധി മാറ്റാൻ പിന്നീട് വാഹന ഉടമകൾ ഓഫീസ് കയറിയിറങ്ങണം.

പരിവാഹൻ സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണം. വിലാസം മാറുമ്പോൾ പരിവാഹൻ സൈറ്റിലൂടെ ഓട്ടോമാറ്റിക്കായി രേഖകൾ ബന്ധപ്പെട്ട ആർ.ടി ഓഫീസുകളിലേക്ക് മാറേണ്ടതാണ്. ഈ പിഴവ് മാസങ്ങളായിട്ടും പരിഹരിച്ചിട്ടില്ല.

സോഫ്റ്റ് വെയറിലെ

സാങ്കേതികപ്രശ്നം

പരിവാഹൻ സോഫ്റ്റ് വെയറിലെ മോഡിഫൈ വെഹിക്കിൾ രജിസ്റ്ററിംഗ് ഓഫീസ് ഓപ്ഷൻ ഉപയോഗിച്ച് വാങ്ങിയ ആളുടെ പരിധിയിലെ ആർ.ടി ഓഫീസിലേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖകളടക്കം മാറ്റിയിരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നം കാരണം കൈമാറ്റം നടക്കുന്നില്ല.

''കൊല്ലത്തു നിന്ന് വാങ്ങിയ ഓട്ടോറിക്ഷയുടെ രേഖകൾ മാസങ്ങൾക്ക് മുമ്പേ എന്റെ പേരിലായെങ്കിലും പെർമിറ്റ് ഫീസ് കൊല്ലത്തെ ഓഫീസിലാണ് അടഞ്ഞത്. ആലപ്പുഴയിലേക്ക് മാറ്റാൻ അപേക്ഷ നൽകി ഓഫീസുകൾ കയറിയിറങ്ങുകയാണ്

-അരവിന്ദൻ, ഓട്ടോ ഡ്രൈവർ

''സോഫ്റ്റ് വെയറിന്റെ അപാകത പരിഹരിക്കും. വാഹന ഉടമയുടെ പേര് മാറ്റുമ്പോൾ രേഖകളും ബന്ധപ്പെട്ട ആർ.ടി ഓഫീസിലേക്ക് മാറ്റി നൽകാൻ നിർദ്ദേശിക്കും

-ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ്