ആലപ്പുഴ: കുട്ടനാട്ടിൽ ഇനി മുതൽ റേഷൻ സാധനങ്ങളുടെ സ്റ്രോക്ക് കൃത്യമായി എത്തും. വാതിൽപ്പടി സേവനത്തിലെ അപാകതകളിൽ ചർച്ച നടത്തി പരിഹാരം കണ്ടതായി റേഷൻവ്യാപാരികൾ അറിയിച്ചു. ഗതാഗതക്കരാറുകാരും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തർക്കമാണ് കുട്ടനാട്ടിൽ വാതിൽപ്പടി സേവനം മുടങ്ങാൻ കാരണം. ഇതുമൂലം ജൂലായ് മാസത്തെ റേഷൻ വിതരണം പൂർണതോതിൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ചുരുക്കം ചില കടകളിൽ മാത്രമാണ് റേഷൻ സാധനങ്ങൾ എത്തിയത്.
ചിലർ കോമ്പോ സംവിധാനം ഉപയോഗിച്ച് സ്റ്റോക്കുള്ള അരി നൽകിയെങ്കിലും ഗോതമ്പ്, ആട്ട എന്നിവ ഭൂരിഭാഗം കാർഡുടമകൾക്കും ലഭിച്ചില്ല. ചില സ്ഥലങ്ങളിൽ സാധനങ്ങൾ ലഭിക്കാത്ത കാർഡുടമകൾ ദേഷ്യപ്പെട്ട് പോകുന്ന സന്ദർഭം വരെ ഉണ്ടായിരുന്നു. ജൂൺ മാസത്തിലും വെള്ളപ്പൊക്കം മൂലം പലർക്കും റേഷൻ വാങ്ങാൻ സാധിച്ചിരുന്നില്ല.
വാതിൽപ്പടി സേവനത്തിലെ
പ്രശ്നങ്ങൾക്ക് പരിഹാരം
തർക്കങ്ങൾ പരിഹരിച്ച് ആഗസ്റ്റ് മാസത്തിലെ വാതിൽപ്പടി സേവനം ആരംഭിച്ചു. റേഷൻ വിതരണവും തുടങ്ങി
ഓണത്തിനോട് അനുബന്ധിച്ചുള്ള സ്റ്റോക്കുകളും ഉടൻ തന്നെ റേഷൻ കടകളിലേക്ക് എത്തും
വ്യാപാരിസംഘടനകൾ താലൂക്ക് സപ്ലൈ ഓഫിസറുമായിനടത്തിയ ചർച്ചയിലാണ് തടസങ്ങൾ പരിഹരിച്ചത്.
കുട്ടനാട് താലൂക്കിലെ റേഷൻ കടകൾ- 114
റേഷൻ കാർഡുകൾ- 53376
ഗുണഭോക്താക്കൾ- 207057
കുട്ടനാട്ടിലെ ഈ മാസത്തെയും ഓണത്തിന്റെയും ഉൾപ്പടെയുള്ള റേഷൻ വിതരണം സുഗമമാകും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു
എൻ. ഷിജീർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ