മാന്നാർ : പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയും ആവേശവും നിറച്ച് മാന്നാർ കുട്ടംപേരൂർ മുട്ടേൽ സിറിയൻ എം.ഡി.എൽ.പി സ്‌കൂളിൽ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. നാമനിർദ്ദേശ പത്രികാ സമർപ്പണം മുതൽ വോട്ട് അഭ്യർത്ഥന, പ്രചാരണം, സ്ഥാനാർത്ഥി സംഗമം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിരലിൽ മഷി അടയാളപ്പെടുത്തൽ തുടങ്ങി ഫലപ്രഖ്യാപനവും വിജയാഹ്ളാദ പ്രകടനവും സ്കൂളിൽ നടന്നു.
പൊതുതിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനും വോട്ടെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ഉത്തമ പൗരന്മാരായി വിദ്യാർത്ഥികളെ മാറ്റിയെടുക്കുന്നതിനുമായിട്ടാണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്തിയതെന്ന് സ്കൂൾ പ്രധാന അദ്ധ്യാപിക മറിയം ജി.ജോർജ്ജ് പറഞ്ഞു. അഞ്ച് പേർ മത്സരിച്ചതിൽ നിന്ന് ആൽവിൻ എം.എസ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. വിജയിയെ മാലയിട്ട് സ്വീകരിച്ച് ആഹ്ലാദപ്രകടനവും നടത്തി.
പ്രിസൈഡിംഗങ്ങ ഓഫീസറായി പഞ്ചായത്ത് പ്രസിഡന്റ്
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി അദ്ധ്യാപകരും എല്ലാകാര്യങ്ങൾക്കും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.രത്‌നകുമാരി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചു. ഹെഡ്മിസ്ട്രസ് മറിയം ജി.ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ റഷീദ്, അദ്ധ്യാപകരായ സുമയ്യ ഷെരീഫ്, സ്വാതിവിൽസൺ, അനു രേണു, ശശികല മുരളി, പി.ടി.എ. പ്രസിഡന്റ് സജിത് റ്റി.എസ്., സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ വിപിൻ.വി. നാഥ് എന്നിവർ നേതൃത്വം നൽകി.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനിലൂടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം നടത്തിയത്
- ഫാത്തിമ, സ്റ്റാഫ് സെക്രട്ടറി