ചാരുംമൂട് : താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വർദ്ധിച്ചത് കൃഷിക്ക് ഭീഷണിയായി. പ്രദേശത്ത് ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം വർദ്ധിച്ചിട്ട് രണ്ടു വർഷത്തോളമായി.
പകൽ സമയങ്ങളിൽ കരിയിലക്കിടയിലും മണ്ണിലും ഒളിക്കുന്നതിനാൽ കാണാൻ സാധിക്കാത്തതാണ് ഇവയെ ഇല്ലാതാക്കുന്നതിന് തടസം.രാത്രിയിലാണ് ഇരതേടലും സഞ്ചാരവും. വിവിധ സസ്യങ്ങളുടെ ഏത് ഭാഗവും ഇവ കടിച്ചു വിഴുങ്ങും. മണൽ മുതൽ കോണ്ക്രീറ്റ് വരെ ഇവ ഭക്ഷിക്കാറുണ്ട്. ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം മൂലം ചെടികൾ വ്യാപകമായി നശിക്കപ്പെടും . വളരെവേഗമാണ് ഇവ പെരുകുന്നത്. ഒരു ഒച്ച് വർഷത്തിൽ അഞ്ചു മുതൽ ആറ് തവണ വരെ മുട്ടകൾ ഇടും. മനുഷ്യരിൽ മസ്തിഷ്ക ജ്വരം പടർത്തുന്നതിനു ആഫ്രിക്കൻ ഒച്ച് ഉത്പാദിപ്പിക്കുന്ന ചെറുവിരകൾ കാരണമാകുമെന്ന് സംശയിക്കുന്നതിനാൽ ഇവയെ നശിപ്പിക്കാനായി ശേഖരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
നൂറനാട്, ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതുതായി പണികഴിപ്പിച്ച ബണ്ടിൽ ആഫ്രിക്കൻ ഒച്ചുകൾ കൂട്ടമായുള്ളത് സായാഹ്ന സവാരിക്ക് എത്തുന്നവർക്ക് ശല്യമാണ്
കൃഷിക്ക് ഭീഷണി
രാത്രിയിൽ കൂട്ടമായി പുറത്തിറങ്ങുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷി നശിപ്പിക്കും
പച്ചക്കറികളും ഇടവിളകളും വാഴകളും ആണ് പ്രധാനമായും ഒച്ചുകൾ നശിപ്പിക്കുന്നത്
ഇതോടൊപ്പം വീടുകളിലേക്കും കിണറുകളിലേക്കും മതിലുകളിലേക്കും ഒച്ചുകൾ വ്യാപിച്ചിട്ടുണ്ട്
കരിമുളയ്ക്കൽ 8,9 വാർഡുകളിൽ ഒച്ചുകളെ വീട്ടുകാർ കൊന്ന് റോഡിലിടുന്നത് കാൽനടയാത്രകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു
ഒച്ച് ശല്യം കൃഷിയെയും സാരമായി ബാധിക്കുന്നുണ്ട് . ആരോഗ്യവകുപ്പ് ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തി കർഷകരുടെ ആശങ്ക ഇല്ലാതാക്കണം
- സുനിൽ ചൈത്രം, കർഷകൻ