ആലപ്പുഴ : ചെളിക്കുളമായ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി കഞ്ഞിപ്പാടം തുരുത്തിച്ചിറ നിവാസികൾ. വട്ടപ്പായിത്ര ക്ഷേത്രം മുതൽ പൂക്കൈതയാറിന്റെ തീരം വരെയുള്ള ഭാഗമാണ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. ഇടക്കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കയർ ഭൂവസ്ത്രം പാകിയതൊഴിച്ചാൽ മറ്റൊരു പുനരുദ്ധാരണ പ്രവൃത്തിയും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കഞ്ഞിപ്പാടം ജംഗ്ഷനിൽ നിന്ന് വടക്കോട്ട് വട്ടപ്പായിത്ര ക്ഷേത്രം വരെയുള്ള റോഡ് പുനർനിർമ്മിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ആറ്റുതീരം വരെയുള്ള ഭാഗം കൂടി നിർമ്മിച്ചാൽ തുരുത്തിച്ചിറക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകും. ആറ്റുതീരം മുതൽ ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം ചെന്നിറങ്ങുന്ന റോഡും നല്ലതാണ്. ഇടയ്ക്കുള്ള ഒരു കിലോമീറ്ററോളം ഭാഗമാണ് അധികൃതർ ഉപേക്ഷിച്ചിട്ടിരിക്കുന്നത്.
ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന് നാട്ടുകാർ
1. നെല്ല് കയറ്റാനെത്തുന്ന ലോറികൾ സഞ്ചരിക്കേണ്ട വഴിയാണ് ചെളിക്കുളമായി മാറിയത്
2. രോഗികളെ വള്ളംപിടിച്ചാണ് പലപ്പോഴും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്
3. റോഡ് നന്നാക്കാൻ തദ്ദേശസ്ഥാപന പ്രതിനിധികളടക്കം മുൻകൈയെടുക്കുന്നില്ലെന്നാണ് ആരോപണം
4. ഇതിൽ പ്രതിഷേധിച്ചാണ് തുരുത്തിച്ചിറയിലെ നൂറോളം വോട്ടർമാർ വോട്ട് ബഹിഷ്കരണത്തിന് തീരുമാനിച്ചിരിക്കുന്നത്
രോഗബാധിതനായ അച്ഛനെ ആശുപത്രിയിലെത്തിക്കാൻ ഈ വഴി വാഹനം വരാത്തതിനാൽ വള്ളത്തിൽ കയറ്റി നല്ല റോഡിലെത്തിച്ച്, അവിടെ നിന്ന് ഓട്ടോ പിടിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സ വൈകിയതിനാൽ അച്ഛൻ മരിച്ചു. എട്ട് വർഷം മുമ്പായിരുന്നു ഈ സംഭവം. അതേ അവസ്ഥയാണ് ഇന്നും റോഡിന്
- റീന, പ്രദേശവാസി