അമ്പലപ്പുഴ : കൂട്ടുകാരുടെ ജന്മദിനത്തിനായി കാത്തിരിക്കുന്നവരാണ് പുന്നപ്ര ബീച്ച് എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥിയും. ഫ്രൈഡ് റൈസ്, ചിക്കൻ ഫ്രൈ, മുട്ടക്കറി, പുലാവ്, പച്ചടി, പായസം തുടങ്ങിയവ ഉൾപ്പെടയുള്ള ഭക്ഷണമാണ് ഓരോ വിദ്യാർത്ഥിയുടെയും ജന്മദിനത്തിൽ സ്കൂളിൽ ഉച്ചയ്ക്ക് വിളമ്പുക. സ്കൂൾ അധികൃതരുടെ വകയാണ് ഇതിന്റെ ചെലവ്.
കുട്ടികളുടെ ഉച്ചഭക്ഷണം കൂടുതൽ ആകർഷകമാക്കാൻ ആരംഭിച്ച പുതിയ പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. എൽ കെ.ജി മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ജന്മദിനം സ്കൂളിൽ ആഘോഷമായി മാറി ഇതോടെ. ഇതിനു മുമ്പ് സ്കൂളിൽ ആരംഭിച്ച “ വൺ ടേബിൾ വൺ ചെയർ” പദ്ധതി വലിയ ശ്രദ്ധ നേടിയിരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഇത്തരം പരിഷ്കാരങ്ങൾ ഉപകരിക്കുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.. സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയനിറം പകരുന്ന ഈ ശ്രമം മറ്റു സ്കൂളുകൾക്കും മാതൃകയാണ്.