ആലപ്പുഴ : കോടതിപ്പാലം നവീകരണജോലികൾ പുരോഗമിക്കുന്നതിനിടെ മണ്ണിടിഞ്ഞില്ലാതാകുകയാണ് വാടക്കനാൽ. കോടതിപ്പാലത്തിന്റെ ഇരുകരകളിലും നിർമ്മാണജോലികൾ പുരോഗമിക്കുന്നതിനിടെ പാലത്തിന് കിഴക്കുവശത്ത് സിവിൽസ്റ്റേഷൻ റോഡിലെ പൈലിംഗിന്റെ മണ്ണുംചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ് കനാൽ ഇപ്പോൾ. നിർമ്മാണജോലികൾക്കും കോടതിപ്പാലം പൊളിക്കുന്നതിനും മുന്നോടിയായി ഔട്ട് പോസ്റ്റ് ഭാഗത്ത് താൽക്കാലിക ബണ്ടുപാലം നിർമ്മിച്ചപ്പോൾ നീരൊഴുക്കിന് തടസമുണ്ടാകാതിരിക്കാൻ കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചിരുന്നു.

വേലിയേറ്റ, വേലിയിറക്കങ്ങൾക്ക് അനുസരിച്ച് കായലിൽ നിന്ന് കടലിലേക്കും തിരിച്ചും വെള്ളത്തിന്റെ ഒഴുക്ക് ക്രമപ്പെടുത്താനാണ് പൈപ്പുകൾ സ്ഥാപിച്ചതെങ്കിലും ഔട്ട് പോസ്റ്റ് മുതൽ വൈ.എം.സി.എ വരെയുള്ള നിർമ്മാണസ്ഥലത്ത് കനാലിൽ നീരൊഴുക്കിനുണ്ടായ തടസം പോളയുൾപ്പെടെ വളരാൻ കാരണമായി. കോടതിപ്പാലം പൊളിച്ചുനീക്കുന്ന ജോലികൾ പുരോഗമിക്കവേ പാലംപൊളിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും പൂർണമായും കനാലിലാണ് പതിക്കുന്നത്. ഇതുൾപ്പെടെ നീക്കം ചെയ്താലേ വെള്ളപ്പൊക്കമുൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനാകുംവിധം വാടക്കനാലിനെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ.

കോടതിപ്പാലത്തിന്റെ കിഴക്കുവശം കനാലിന്റെ ഇരുകരകളിലുമാണ് ഇനി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കാനുള്ളത്. നൂറിലധികം പൈലുകളുടെ പൈലിംഗിൽ ലോഡ് കണക്കിന് മണ്ണും ചെളിയുമാകും കരയിൽ അടിയുക. ഇത് പതിക്കാത്തവിധം ഷീറ്റ് പൈൽ സ്ഥാപിച്ചില്ലെങ്കിൽ കനാൽ പൂർണമായും മണ്ണും ചെളിയും മൂടി നാമാവശേഷമാകും.

മണ്ണും ചെളിയുമടിഞ്ഞു, ഒഴുക്ക് നിലച്ചു

 പൈലിംഗ് ഏറെക്കുറെ പൂർത്തിയായ വടക്കേക്കരയിൽ പൈൽ ക്യാപ്പുകൾക്കായി തുരന്നമണ്ണും ചെളിയും അവിടെത്തന്നെ കൂട്ടിയിട്ടിരുന്നു

 കാലവർഷത്തിന്റെ ഭാഗമായി പെയ്ത അതിശക്തമായ മഴയിൽ ഇവ കനാലിലേക്ക് ഒലിച്ചിറങ്ങിയതാണ് വിനയായി മാറിയത്

 മണ്ണൊലിപ്പും തീരം ഇടിയുന്നതും തടയാൻ നിർമ്മാണ കമ്പനി ഷീറ്റ് പൈലുകൾ കൊണ്ട് സംരക്ഷണം തീർത്തിരുന്നു

 എന്നാൽ, ഷീറ്ര് പൈലുകളില്ലാത്ത സ്ഥലങ്ങളിലെല്ലാം മണ്ണുംചെളിയും കനാലിലേക്ക് കുത്തിയൊലിച്ചിറങ്ങി

നിർമ്മാണത്തിനിടെ ചെളിയും മണ്ണും കനാലിൽ വീഴുന്നത് തടയാൻ ഷീറ്റ് പൈലിന്റെ സംരക്ഷണം തീർത്തിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ മണ്ണും ചെളിയും മൂടിയിട്ടുണ്ട്. നിർമ്മാണ ജോലികൾ അവസാനിക്കുന്ന മുറയ്ക്ക് കനാൽ പൂർവസ്ഥിതിയിലാക്കാനാണ് തീരുമാനം

- എൻജിനീയർ, കെ.ആർ.എഫ്.ബി