s

ആലപ്പുഴ : ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ. വിവിധസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാനാണ് ഗിഫ്റ്റ് കാർഡുകൾ പുറത്തിറക്കുന്നത്. 18ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് കിറ്റുകൾ. 500 രൂപയുടെയും 1000 രൂപയുടെയുമാണ് ഗിഫ്റ്റ് കാർഡുകൾ. ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ആവശ്യമുള്ള നിത്യോപയോഗസാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് 1225രൂപയുടെ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625രൂപയുടെ സമൃദ്ധി മിനി കിറ്റ് 500രൂപയ്ക്കും 305രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യസ്ഥാപനങ്ങൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഈ സൗകര്യം ഉപയോഗിക്കാം. വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും, ക്ലബ്ബുകളും പദ്ധതിയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട് .

വിലക്കുറവും സമ്മാനവും

 ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകും

ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഓഫറുകൾ നൽകും. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്ക് വലിയ ഓഫറുകളുണ്ട്

 ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി നറുക്കെടുപ്പ് നടത്തും. ഒരു പവൻ സ്വർണനാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മറ്റുസമ്മാനങ്ങളും നൽകും .

സമൃദ്ധി കിറ്റ്

അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്സ് മാങ്ങ അച്ചാർ, കടല

സമൃദ്ധി മിനി കിറ്റ്
അരി, പഞ്ചസാര , തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർപൊടി, ശർക്കരപ്പൊടി

ശബരി സിഗ്നേച്ചർ കിറ്റ്

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി , സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ് , പുട്ടുപൊടി.