ചെറുകോൽ : ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ ആനന്ദജി ഗുരുദേവന്റെ 101-ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവം നാളെ നടക്കും. ശുഭാനന്ദ ഗുരുദേവനാൽ സ്ഥാപിതമായ ആത്മബോധോദയ സംഘത്തെ ലോകമാകെ വളർത്തുന്നതിൽ പ്രധാനപങ്കുവഹിച്ചത് ശ്രീശുഭാനന്ദ ട്രസ്റ്റ് സ്ഥാപകൻ കൂടിയായ ആനന്ദജി ഗുരുദേവനാണ്. നാളെ പ്രഭാതത്തിലെ ആശ്രമകർമ്മങ്ങൾക്കുശേഷം സമാധിമണ്ഡപങ്ങളിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും.
തുടർന്ന് ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ് എന്നിവ ഉണ്ടാകും. 10 ന് ചെന്നിത്തല വാഴക്കൂട്ടം കടവിനു സമീപമുള്ള ശ്രീആനന്ദ മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കല്ലുംമൂട്, കാരാഴ്മ വഴി ആശ്രമസന്നിധിയിലെത്തിച്ചേരും. തുടർന്ന് നേർച്ചസ്വീകരണം, പ്രാർത്ഥന എന്നിവയ്ക്കുശേഷം ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് സമൂഹസദ്യയ്ക്കു ശേഷം 2 ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്റെ അദ്ധ്യക്ഷതയിൽ ജന്മനക്ഷത്ര സമ്മേളനം മുൻഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണവും ജ്ഞാനപ്രകാശം ശുഭാനന്ദഗീതം 12ാം വാല്യം നാമസങ്കീർത്തന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത ആശീർവ്വാദവും വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആപ്തലോകാനന്ദ മുഖ്യ പ്രഭാഷണവും നടത്തും. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ, ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ട്രസ്റ്റി സ്വാമി വേദാനന്ദൻ, ശുഭാനന്ദദർശനം വേദാന്ത സാംസ്‌കാരിക മാസിക മാനേജിംഗ് എഡിറ്റർ സ്വാമി ജ്യോതിർമയാനന്ദൻ എന്നിവർ സംസാരിക്കും. ട്രസ്റ്റി സ്വാമി വിവേകാനന്ദൻ സ്വാഗതവും ട്രസ്റ്റ് ഉപദേശകസമിതി കൺവീനർ അഡ്വ.പി.കെ.വിജയപ്രസാദ് നന്ദിയും പറയും.
സ്ത്രീപുരുഷ ഭേദമില്ലാതെ സന്ന്യാസവൃന്ദത്തിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ദീപത്താലമേന്തുന്ന ജന്മനക്ഷത്ര പ്രകാശയാത്ര വൈകുന്നേരം 5.30ന് മാവേലിക്കര താലൂക്ക് അർബർ കോ ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച് മിച്ചൽ ജംഗ്ഷൻ, മണ്ഡപത്തിൻകടവു വഴി ആശ്രമസന്നിധിയിലെത്തിച്ചേരും. തുടർന്ന് നെടുംകുന്നം മോഹൻദാസ്, നെടുംകുന്നം ഗോകുൽദാസ് എന്നിവരുടെ നാദസ്വരസേവ നടക്കും. ആശ്രമപ്രദക്ഷിണത്തിനു ശേഷം തിരുവനന്തപുരം മാർഗി കഥകളി സ്‌കൂൾ അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളിയും അരങ്ങേറും. 101ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.