ചേർത്തല: സ്വത്തു തർക്കത്തെ തുടർന്ന് സ്ത്രീകളടക്കമുള്ള ബന്ധുക്കൾക്കെതിരെ അക്രമം കാട്ടിയതായ പരാതിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി അഭിലാഷ് മാപ്പറമ്പലിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമത്തിൽ കടക്കരപ്പള്ളി അഞ്ചാംവാർഡ് കുറുപ്പേഴത്തുവീട്ടിൽ സോമൻ (61),മകൾ അശ്വതി (26) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വത്തുതർക്കത്തിന്റെ പേരിൽ ഇതിനുമുമ്പും തർക്കമുണ്ടാകുകയും അഭിലാഷിനെതിരെ സോമൻ പട്ടണക്കാട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരിക്കേറ്റ സോമനും അശ്വതിയും താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.