ആലപ്പുഴ : എ.സി കനാലിന് കുറുകെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള രാമങ്കരി പഞ്ചായത്ത് പാലം കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധമുയരുന്നു. എ.സി റോഡിന് മറുഭാഗത്ത് പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റിൽ വിള്ളലുണ്ട്.. പാലത്തിന്റെ ഇരുകരകളിലുമായുള്ള ഭാഗത്ത് കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞുകാണാം. ഇവ മഴനനഞ്ഞ് തുരുമ്പടിച്ച അവസ്ഥയിലാണ്.പഞ്ചായത്ത് ഓഫീസിന് തൊട്ട് മുന്നിലുള്ള പാലത്തിനാണ് ഈ ദുരവസ്ഥ. പാലവും റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകാൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നാട്ടുകാരുമടക്കം ഉപയോഗിക്കുന്ന പാലമാണിത്. ഊരുക്കരിയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സർവീസ് സഹകരണ ബാങ്ക്, വേഴപ്ര യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ഈ പാലം മാത്രമാണ് ആശ്രയം. ഇവിടെയുള്ളവർക്ക് രാമങ്കരിയിലെത്തി ആലപ്പുഴ, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് പോകാൻ ബസ് കയറുന്നതിനും പഞ്ചായത്ത്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ബാങ്ക് എന്നിവിടങ്ങളിലേക്ക് പോകാനും ഈ പാലം കയറ ഇറങ്ങണം. പാലം വീതി കൂട്ടി പുനർനിർമ്മിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
കോൺക്രീറ്റിൽ വിള്ളലുകൾ
1. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാൻ കഴിയുന്നത്ര വീതിയേ രാമങ്കരി പാലത്തിനുള്ളൂ
2. ഓട്ടോറിക്ഷയോ മറ്റോ കടന്നുവന്നാൽ കാൽനടയാത്രക്കാർ വശങ്ങളിലേക്ക് ഒതുങ്ങി നിൽക്കണം.
3. ഒരു അപകടമുണ്ടാകുന്നതിന് മുമ്പ് സഞ്ചാരയോഗ്യമായ പാലം നിർമണമിക്കണമെന്ന ആവശ്യം ശക്തമാണ്
4. ഓട്ടോയും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം
പാലത്തിന്റെ തകർന്ന ഭാഗങ്ങൾ അധികൃതർ പരിശോധിക്കണം. പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തണം
- വിജയലക്ഷ്മി,രാമങ്കരി സ്വദേശി