അമ്പലപ്പുഴ: കരൂർ പായൽക്കുളങ്ങരയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹ സമരം 250 ദിവസം പിന്നിടുന്നു. ഇതിന്റെ ഭാഗമായി നാളെ ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് സമരസമിതി കൺവീനർ എം.ടി.മധു, അരയജന കരയോഗം പ്രസിഡന്റ് സജീവൻ, വെള്ളാഞ്ഞിലി ജമാ അത്ത് സെക്രട്ടറി സൈനുലാബ്ദീൻ, എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖ സെക്രട്ടറി കെ.ഉത്തമൻ , ജൂബി എസ്.ഗോപകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏതാനും ആഴ്ച മുൻപ് ദേശീയപാത നിർമ്മാണം തടഞ്ഞ സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, എം.പി, എം.എൽ.എ തുടങ്ങി നിരവധി പേർക്ക് നിവേദനം നൽകിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്. വൈകിട്ട് 4 ന് കരൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലി പായൽക്കുളങ്ങരയിൽ സമാപിക്കും. തുടർന്ന് പായൽക്കുളങ്ങര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്യും.ജനകീയ സമിതി പ്രസിഡന്റ് കൂടിയായ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് മുഖ്യ പ്രഭാഷണവും അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാ അത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം സമരപ്രഖ്യാപനവും നടത്തും.