ghh

ഹരിപ്പാട് : തുടർച്ചയായ കടലാക്രമണത്തെത്തുടർന്ന് വലിയഴീക്കൽ -തൃക്കുന്നപ്പുഴ തീരദേശ റോഡ് അപകടാവസ്ഥയിൽ. റോഡിന്റെ അരിക് കടലെടുത്തു. അടിയിലെ മണ്ണ് ഒഴുകിപ്പോയതോടെ റോഡിന്റെ കാൽഭാഗത്തോളം ഇടിഞ്ഞുതാഴ്ന്നു. റോഡും കടലും തമ്മിൽ ഏറ്റവും ചേർന്നുനിൽക്കുന്ന ഭാഗമാണിത്. ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ജിയോബാഗിന്റെ അകലം മാത്രമാണ് ഇവിടെ റോഡിനും കടലിനും ഇടയിലുള്ളത്. കഴിഞ്ഞവർഷം ഉണ്ടായ കടലാക്രമണത്തിൽ റോഡ് അപകടാവസ്ഥയിലായപ്പോൾ സംരക്ഷിക്കാൻ താത്കാലികമായി സ്ഥാപിച്ച ജിയോബാഗ് ഭിത്തി തകർന്നതിനാൽ തിരമാലകൾ റോഡിലാണ് പതിക്കുന്നത്. അടിയന്തര സംരക്ഷണം ഒരുക്കിയില്ലെങ്കിൽ ഇവിടെ റോഡ് പൂർണമായും തകരുകയും ആറാട്ടുപുഴയുടെ തെക്കൻ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്യും.

ആറാട്ടുപുഴ എ.സി പള്ളിക്ക് വടക്ക് മുതൽ കുറിച്ചിക്കൽ വരെയുള്ള ഭാഗങ്ങളിലും കടൽ വലിയദുരിതമാണ് വരുത്തിവയ്ക്കുന്നത്. ആറാട്ടുപുഴയിൽ കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിൽ വൻതോതിൽ കര കടലെടുക്കുകയാണ്. മണൽ ചാക്ക് അടുക്കിവെച്ചും മണൽക്കൂനകൾ ഒരുക്കിയും തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ് തീരവാസികൾ.

അടിയിലെ മണ്ണ് ഒഴുകിപ്പോയി

1. പെരുമ്പള്ളി ഭാഗത്ത് ഒരുകിലോമീറ്ററോളം ഭാഗത്ത് പേരിനുപോലും കടൽ ഭിത്തിയില്ല

2. നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്

3. നിരവധി വീടുകളാണ് ഇവിടെ കടലാക്രമണ ഭീഷണി നേരിടുന്നത്

4. ദിവസങ്ങൾക്കു മുമ്പ് പറത്തറയിൽ കുഞ്ഞുമോന്റെ വീട് ഭാഗികമായി തകർന്നിരുന്നു
5. ഒരാഴ്ചയ്ക്കുള്ളിൽ മീറ്റർ കണക്കിന് തീരമാണ് ഇവിടെ കടലെടുത്തു പോയത്.

ചിലയിടങ്ങളിൽ റവന്യൂ അധികൃതർ ഇടപെട്ട് ചാക്ക് നിറയ്ക്കാനുള്ള മണൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ജോലിക്കൂലി വീട്ടുകാർ തന്നെയാണ് വഹിക്കേണ്ടത്. പണം നൽകുമെന്ന് അധികാരികൾ ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ആർക്കും ലഭിച്ചിട്ടില്ല

- തീരദേശവാസികൾ