tharav-hachari

ചെന്നിത്തല : താറാവ് കർഷകനായ ചെന്നിത്തല തൃപ്പെരുന്തുറ പറയങ്കേരി പടിഞ്ഞാറെവഴി മൂന്നുതെങ്ങിൽ ഷോബി ഫിലിപ്പ് (മോനച്ചൻ) വളർത്തിയിരുന്ന അഞ്ഞൂറോളം താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. എട്ട് മാസം പ്രായം ഉള്ളതും മുട്ടയിട്ടു തുടങ്ങിയതുമായ താറാവുകളാണ് ചത്തത്. മുട്ട ശേഖരിക്കാൻ ഇന്നലെ പുലർച്ചയോടെ ഷെഡിൽ എത്തിയപ്പോഴാണ് താറാവുകളെ കൊന്നിട്ടിരിക്കുന്നത് ഷോബി കണ്ടത്.

പുഞ്ചയുടെ സമീപം പ്ളാസ്റ്റിക് വലകൊണ്ട് മറച്ചതായിരുന്നു ഷെഡ്. വല കടിച്ചുകീറി അകത്തു കടന്നാണ് തെരുവ് നായ്ക്കൾ ആക്രമണം നടത്തിയത്. ഇതിന് മുമ്പും പലവട്ടം തെരുവുനായ്ക്കളുടെ ശല്യം ഉണ്ടായിട്ടുണ്ടെന്ന് ഷോബി പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോൾട്ടറി ഡക്ക് ആൻഡ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ അഡ്വ.ബി.രാജശേഖരൻ പറഞ്ഞു.

ജൂൺ മാസത്തിൽ താറാവ് രോഗത്താൽ ഷോബിയുടെ എണ്ണായിരത്തോളം താറാവുകൾ ചത്തിരുന്നു. ഇതിൽ ഒരുരൂപ പോലും ധനസഹായം ലഭിച്ചിരുന്നില്ല. സ്വർണ്ണാഭരണങ്ങൾ പണയംവച്ചും ബാങ്ക് വായ്പകളിലൂടെയുമാണ് താറാവ് കൃഷി നടത്തുന്നതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷോബി വേദനയോടെ പറഞ്ഞു.

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വെറ്ററിനറി ഡോക്ടർ ആശ അലക്സ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവ ജില്ലാ ഓഫീസർക്ക് നൽകും. സ്ഥലം സന്ദർശിച്ച സി.പി.ഐ മാന്നാർ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, എൽ.സി സെക്രട്ടറി വിനീത് വിജയൻ, എൽ.സി അംഗം മനോഹരൻ എന്നിവർ സംഭവം മന്ത്രി ജെ.ചിഞ്ചുറാണിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മന്ത്രി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.അരുണോദയത്തെ ഫോണിൽ ബന്ധപ്പെട്ടു.