മാന്നാർ : അങ്കണവാടികൾക്ക് ഭൂമി വാങ്ങിയതിൽ വ്യാപകമായ ക്രമക്കേട് നടന്നതായും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും മാന്നാർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ പറഞ്ഞു. ആറാം വാർഡിൽ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിന് സമീപമാണ് 5 സെൻറ് സ്ഥലം 10 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. അങ്കണവാടിക്കായി വാങ്ങിയിരിക്കുന്നത് റോഡിൽ നിന്നും 15 അടിയോളം താഴ്ചയുളള വെള്ളംകെട്ടി ചതുപ്പായ സ്ഥലമാണെന്നും പമ്പയാറിന്റെയും അച്ചൻകോവിൽ ആറിന്റേയും കൈവഴി പ്രദേശത്താണെന്നും പ്രതിപക്ഷാംഗങ്ങൾ സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു.
നദിയുമായി മതിയായ ദൂരം ഇല്ലാത്തതും കുട്ടികൾക്ക് സുരക്ഷിതത്വം ഇല്ലാത്തതുമാണ് സ്ഥലം. നാലാംവാർഡിൽ സർപ്പക്കാവിന് മുൻവശത്തായി അങ്കണവാടിക്കായി സ്ഥലം വാങ്ങിയത് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇവ ചൂണ്ടിക്കാണിച്ചു കളക്ടർക്ക് പരാതി നൽകുമെന്നും വസ്തു അഴിമതിക്കെതിരെ തിങ്കളാഴ്ച പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ മെമ്പർമാർ അറിയിച്ചു.
ഡി.സി.സി അംഗം അജിത്ത് പഴവൂർ, മണ്ഡലം പ്രസിഡന്റ് മധു പുഴയോരം, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വത്സല ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.സി പുഷ്പലത, മണ്ഡലം സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.
രാഷ്ട്രീയ നാടകം : പ്രസിഡന്റ്
മാന്നാർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ അങ്കണവാടികൾക്ക് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും സ്ഥലം വാങ്ങുന്നതിന് മുമ്പ് പാലിക്കേണ്ട എല്ലാ ചട്ടങ്ങളും പാലിച്ചാണ് സ്ഥലങ്ങൾ വാങ്ങിയതെന്നും മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി അറിയിച്ചു. പത്രപരസ്യം നൽകി ഉടമസ്ഥരുടെ സമ്മത പത്രങ്ങൾ വാങ്ങി വാല്യുവേഷൻ നടത്തി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, ജോയിൻ്റ് ഡയറക്ടർ ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങിക്കൊണ്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ച് തന്നെയാണ് വസ്തുക്കൾ വാങ്ങിയത്. അഴിമതി ആരോപണം തീർത്തും അടിസ്ഥാനമില്ലാത്തതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്നും അവർ പറഞ്ഞു.