മാവേലിക്കര: വർഷങ്ങൾക്ക് ശേഷം മാവേലിക്കര നഗരസഭ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. സംഗീതജ്ഞനായ ഭാസ്‌കരന്റെ മൃതദേഹമാണ് ഇന്നലെ ശ്മശാനത്തിൽ സംസ്‌കരിച്ചത്. വീട്ടുകാർ തന്നെ സജീകരിച്ച പോർട്ടബിൾ ഫർണസ് ഉപയോഗിഹിച്ചായിരുന്നു സംസ്‌കാരം നടത്തിയത്. ഫർണസിന്റെയും ബ്ലോവറിന്റെയും തകരാറുകാരണം ദീർഘ വർഷങ്ങളായി ശ്മശാനം അടഞ്ഞു കിടക്കുകയായിരുന്നു.
പോർട്ടബിൾ ഫർണസ് എങ്കിലും സ്ഥാപിച്ച് ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ യു.ആർ.മനുവിന്റെ നേതൃത്വത്തിൽ ശവപ്പെട്ടിയിൽ ഏകദിന നിരാഹര സമരവും കോറവും എൻ.എസ്.എസ് 78ാം നമ്പർ കരയോഗവും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ കഴിഞ്ഞ 31ന് ശ്മശാനത്തിനുള്ളിലെ ചൂള പ്രവർത്തന സജ്ജമാകുന്നത് വരെ പോർട്ടബിൾ ഫർണസ് വച്ച് മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഇതിനായി ഫർണസ് ഉള്ളവരുടെ പക്കൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇന്നാണ് ഫർണസ് സ്വന്തമായുള്ളവർ താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി. ഇതിനിടെ ഉണ്ടായ മരണത്തിൽ നഗരസഭ അധികൃതരെ സമീപിച്ചപ്പോൾ സ്വന്തം നിലയ്ക്ക് ഫർണസ് സ്ഥാപിച്ച് സംസ്‌കാരം നടത്താൻ അനുമതി കൊടുക്കുകയായിരുന്നു.