മാവേലിക്കര : ഉദ്ഘാടനം കഴിഞ്ഞ് 4വർഷം പിന്നിട്ടിട്ടും വാഹനയാത്രക്കാർ കാര്യമായി ഉപയോഗിക്കാത്ത കണ്ടിയൂർ ബൈപാസിനെ 'രക്ഷപ്പെടുത്താനുള്ള' പദ്ധതി ഭരണാനുമതിയും സാങ്കേതികാനുമതിയും കാത്ത് കിടക്കുന്നു.
കണ്ടിയൂർ ബൈപാസിന്റെ തുടർച്ചയായുള്ള റോഡ് ആധുനികരീതിയിൽ നവീകരിക്കാനുള്ളതാണ് പദ്ധതി. അമ്പലമുക്ക് മുതൽ കണ്ടിയൂർ ആറാട്ടുകടവ് വരെയും കണ്ടിയൂർ ക്ഷേത്രത്തിന് തെക്കുവശമുള്ള കമാനം മുതൽ ക്ഷേത്രത്തിന് മുന്നിലൂടെ കണ്ടിയൂർ ബൈപ്പാസ് വരെയുമുള്ള രണ്ടു റോഡുകളാകും പൊതുമരാമത്ത് വകുപ്പ് നവീകരിക്കുക. രണ്ടു റോഡുകളുമായി 2.3 കിലോമീറ്റർ നിർമ്മാണം നടത്തുന്നതിന് 2.8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സെപ്തംബറോടെ ഇതിന് ഭരണ, സാങ്കേതിക അനുമതികൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
മിച്ചൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറക്കാനാണ് കണ്ടിയൂർ ബൈപ്പാസും ജംഗ്ഷൻ നവീകരണവും കൊണ്ടുവന്നത്. ജംഗ്ഷൻ വികസനം നിയമക്കുരുക്കിൽപ്പെടുകയും ബൈപാസ് ഉപയോഗശൂന്യമായി മാറുകയും ചെയ്തതിനാൽ മിച്ചൽ ജംഗ്ഷൻ ഇപ്പോഴും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. സ്വകാര്യബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ മിച്ചൽ ജംഗ്ഷൻ തിരിഞ്ഞ് പോകുന്നതാണ് കുരുക്കിന്റെ പ്രധാന കാരണം.
അനുബന്ധ റോഡുകളുടെ വീതിക്കുറവും ആൽമരവും
1. മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ആർ.രാജേഷ് എം.എൽ.എയായിരുന്നപ്പോൾ കണ്ടിയൂർ ബൈപാസ് പദ്ധതി കൊണ്ടുവന്നത്
2. ബൈപാസ് ചെന്ന് കയറുന്ന റോഡിന്റെ വീതിക്കുറവും റോഡിന് നടുക്കായുള്ള ആൽമരവും കാരണം വലിയ വാഹനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല
3. ബൈപാസ് അവസാനിക്കുന്ന ഭാഗത്തുള്ള ആൽത്തറയാണ് വലിയ വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിന് തടസ്സമായുള്ളത്
4. സമചതുരാകൃതിയിലുള്ള ഈ ആൽത്തറ വൃത്താകൃതിയിലാക്കിയാൽ വാഹനങ്ങൾക്ക് തടസ്സമില്ലാതെ പോകാൻ കഴിയും
5. ഇതിനായി പൊതുമ രാമത്ത് വകുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി ഇതിനുള്ള അനുമതി വാങ്ങണം.
കണ്ടിയൂർ ബൈപ്പാസിന്റെ തുടർച്ചയായുള്ള റോഡ് ആധുനികരീതിയിൽ നവീകരിക്കാൻ പദ്ധതിയായിട്ടുണ്ട്. സെപ്തംബറോടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ഈ സർക്കാരിന്റെ കാലാവധി തീരുംമുമ്പ് നവീകരണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
- എം.എസ്.അരുൺകുമാർ എം.എൽ.എ
.