അമ്പലപ്പുഴ: കലാരത്നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് 11-ാമത് അനുസ്മരണ സമ്മേളനവും ഏഴാമത് സുവർണമുദ്ര സമർപ്പണവും ഞായറാഴ്ച നടക്കും. പഞ്ചവാദ്യ കലാകാരൻ മായന്നൂർ രാജുവിന് ക്ഷേത്ര വാദ്യ കലാ രത്ന പുരസ്കാരം നൽകുമെന്ന് വാദ്യ കലാസമിതി പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ, പി.ഗോപകുമാർ, പി.വിജയകുമാർ, സെക്രട്ടറി എസ്.മനോജ് എന്നിവർ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് 2ന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ കേളി എന്ന പേരിൽ കലാ വിരുന്ന് നടക്കും. 3ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര ദാന സമർപ്പണവും കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. എച്ച്.സലാം എം.എൽ.എ കീർത്തി പത്ര സമർപ്പണവും തൃശൂർ പൂരത്തിൽ തിരുവമ്പാടി മഠത്തിൽ വരവ് പഞ്ചവാദ്യ അമരക്കാരൻ കോങ്ങാട് മധു സുവർണ മുദ്ര സമർപ്പണവും നിർവഹിക്കും. കടിയക്കോൽ വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. പുരസ്കാര ജേതാവിനെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ പൊന്നാടയും അമ്പലപ്പുഴ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജിത് കുമാർ പുഷ്പഹാരവും അണിയിക്കും. അഷ്ടപദി ആചാര്യൻ രതീഷ് ബാബുജി, സംഗീതാദ്ധ്യാപകൻ തകഴി വിജയൻ, നാടകാചാര്യൻ അയോധ്യാ ശിവൻ, കൊമ്പ് കലാകരൻ രാജേഷ് പാതിരപ്പള്ളി, താളം കലാകാരൻ അനിൽകുമാർ തിരുവമ്പാടി എന്നിവരെ ആദരിക്കും.