dog

ആലപ്പുഴ: ആലപ്പുഴ നഗരം ആടക്കിവാഴുകയാണ് തെരുവുനായക്കൂട്ടം.

റെയിൽവേ സ്റ്റേഷൻ, സീവ്യൂ വാർഡ്, കൊച്ചുകടപ്പാലം, ഡച്ച് സ്ക്വയർ എന്നിവിടങ്ങളിലെല്ലാം നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ നഗരസഭ കൗൺസിലിൽ നായശല്യം രൂക്ഷമാണെന്ന് കൗൺസിലർമാർ അറിയിച്ചിട്ടും ഫലപ്രദമായ ഒരുനടപടിയും ഉണ്ടായില്ല.നഗരത്തിൽ നായ്ക്കളുടെ ആക്രമണവും പരിക്കേൽക്കുന്നവരുടെ എണ്ണവും ദിവസേന വർദ്ധിക്കുകയാണ്. ഡ്യൂട്ടിക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനടക്കം തെരുവ് നായ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിക്കേറ്റിരുന്നു.

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾ ബഡ്ജറ്റിൽ തുക അനുവദിക്കാറുണ്ടെങ്കിലും ഒന്നും കൃത്യമായി നടപ്പാകുന്നില്ല. ആലപ്പുഴയുടെ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റ്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, കോടതി എന്നിവിടങ്ങളിലെല്ലാം തെരുവുനായ് കൂട്ടം തമ്പടിച്ചിരിക്കുകയാണ്. നായ്ക്കൾക്കുള്ള പ്രതിരോധ വാക്‌സിനേഷൻ പ്രക്രിയ പലപ്പോഴും പേരിന് നടത്തി തദ്ദേശ സ്ഥാപനങ്ങൾ കൈകഴുകുന്ന സ്ഥിതിയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

നായ പിടിത്തത്തിന് ആളില്ല

# നഗരത്തിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ പിടികൂടാനുള്ള വിദഗ്ദ്ധപരിശീലനം നൽകാൻ നഗരസഭ തീരുമാനിച്ചിരുന്നു

#കഴിഞ്ഞ കൗൺസിലിൽ ആയിരുന്നു തീരുമാനം. എന്നാൽ ഇതിന് തൊഴിലാളികൾ തയ്യാറാകുന്നില്ല

#ശുചീകരണ തൊഴിലാളികൾക്ക് പരിശീലനം നൽകാമെന്നായിരുന്നു തീരുമാനം. ഇവരെ നി‌ർബന്ധിച്ച് അയയ്ക്കാനും പറ്റാത്ത സാഹചര്യമാണ്

#ഇതിന് ആരും തയ്യാറായില്ലെങ്കിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചവരെ എടുക്കുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നതാണ് സ്ഥിതി