ചെറുകോൽ: ഭാരതത്തിന്റെ ധർമ്മസംരക്ഷണത്തിൽ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിന്റെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് മുൻ ഗോവ, മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ശ്രീശുഭാനന്ദ ട്രസ്റ്റ് സ്ഥാപകൻ ആനന്ദജി ഗുരുദേവന്റെ 101ാമത് ഉത്രാടം ജന്മനക്ഷത്ര മഹാമഹത്തോടനുബന്ധിച്ച് ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ഇന്നലെ നടന്ന ജന്മനക്ഷത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരൻപിള്ള. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹ പ്രഭാഷണവും ജ്ഞാനപ്രകാശം ശുഭാനന്ദഗീതം 12ാംവാല്യം നാമസങ്കീർത്തന പുസ്തക പ്രകാശനവും നിർവ്വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പൊലീത്ത ആശീർവദിച്ചു. വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം സ്വാമി ആപ്തലോകാനന്ദ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ മുഖ്യആശംസയും ട്രസ്റ്റി് സ്വാമി വേദാനന്ദൻ, സ്വാമി ജ്യോതിർമയാനന്ദൻ എന്നിവർ ആശംസാപ്രസംഗവും നടത്തി. ട്രസ്റ്റി സ്വാമി വിവേകാനന്ദൻ സ്വാഗതവും ട്രസ്റ്റ് ഉപദേശകസമിതി കൺവീനർ അഡ്വ.പി.കെ.വിജയപ്രസാദ് നന്ദിയും പറഞ്ഞു.
സമാധി മണ്ഡപങ്ങളിൽ പുഷ്പാർച്ചന, പ്രാർത്ഥന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ് എന്നിവയ്ക്കു ശേഷം ചെന്നിത്തല വാഴക്കൂട്ടംകടവിനു സമീപമുള്ള ശ്രീആനന്ദ മന്ദിരത്തിൽ നിന്നും സന്ന്യാസ വൃന്ദങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച് ആയിരങ്ങൾ പങ്കെടുത്ത ഭക്തിനിർഭരമായ ഘോഷയാത്ര കല്ലുംമൂട്, കാരാഴ്മ വഴി ആശ്രമത്തിലെത്തിച്ചേർന്നു. തുടർന്നു നടന്ന സമൂഹാരാധനയിൽ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി.
ജൻമനക്ഷത്ര സമ്മേളനത്തെ തുടർന്ന് മാവേലിക്കര താലൂക്ക് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിൽ നിന്നും ജന്മനക്ഷത്ര പ്രകാശയാത്ര ആരംഭിച്ചു. സന്ന്യാസവൃന്ദങ്ങളുടെ നേതൃത്വത്തിൽ സ്ത്രീ,പുരുഷ ഭേദമന്യേ ദീപത്താലമേന്തിയ ആയിരങ്ങൾ പങ്കെടുത്തു. നെടുംകുന്നം മോഹൻദാസ്, നെടുംകുന്നം ഗോകുൽദാസ് എന്നിവർ ചേർന്നവതരിപ്പിച്ച നാദസ്വരസേവയും തിരുവനന്തപുരം മാർഗി കഥകളി സ്‌കൂൾ അവതരിപ്പിച്ച മേജർ സെറ്റ് കഥകളിയും വൈകിട്ട് നടന്നു.