tur

അരൂർ : ചന്തിരൂർ പഴയ ദേശീയപാതയിൽ ടോറസ് ലോറിയുടെ പിൻഭാഗം വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് ട്രാൻസ്ഫോർമറും വൈദ്യുതി ലൈനും നിലംപതിച്ചു. അപകടത്തെ തുടർന്ന് മണിക്കുറുകളോളം വൈദ്യുതി തടസവും ഗതാഗത തടസവുമുണ്ടായി. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. റോഡരികിൽ മെറ്റിൽ ലോഡ് ഇറക്കിയതിനു ശേഷം ലോറി മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. ഉടൻ കാബിനിൽ നിന്ന് പുറത്തേക്ക് ചാടി ഇറങ്ങിയതിനാൽ ഡ്രൈവർ അപായത്തിൽ നിന്ന് രക്ഷപ്പെട്ടു. മെറ്റിൽ ഇറക്കിയ

ശേഷം പിൻഭാഗത്തെ ക്യാബിൻ താഴ്ത്താൻ ഡ്രൈവർ മറന്ന് പോയതാണ് അപകടത്തിന് കാരണം. റോഡരികിലെ 30 അടി ഉയരമുള്ള പോസ്റ്റിൽ 11 കെ.വി യുടെ കേബിളുകളിൽ കടന്നുപോകുന്നുണ്ട്. ഇതിൽ ലോറിയുടെ പിൻഭാഗം ഉടക്കുകയും സമീപത്തെ ബെൽ സീഫുഡ് കമ്പനിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോറിലും സംരക്ഷണ വേലിയും ഉൾപ്പെടെ തകർന്നു വീഴുകയുമായിരുന്നു. വൈദ്യുത ലൈൻ കേബിൾ ആയതിനാൽ വൻ അപകടം ഒഴിവായി. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് വടക്ക് ഭാഗത്ത് നിന്ന് ചേർത്തല ഭാഗത്തേക്കുള്ള വാഹനങ്ങൾ ചന്തിരൂരിലെ പഴയ ദേശീയപാത വഴിയാണ് പോകുന്നത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കുറുകളോളം തടസപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി സംഭവസ്ഥലത്തെത്തിയ അരൂർ കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.