കായംകുളം: കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽവെച്ച് ട്രെയിനിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിയ്ക്കാൻ സൗകര്യങ്ങൾ ലഭിച്ചില്ലന്ന് ആരോപണം.സ്ട്രെച്ചറോ വീൽച്ചെയറോ നൽകാൻ ആർ.പി.എഫ് തയ്യാറാകാതിരുന്നതിനാൽ മറ്റ് യാത്രക്കാർ താങ്ങിയെടുത്ത് ഓട്ടോറിക്ഷയിലാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മെമു ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് കരുനാഗപ്പള്ളി സ്വദേശിനിയായ യാത്രക്കാരി കുഴഞ്ഞു വീണത് .അവിടെ ഉണ്ടായിരുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ സ്ത്രീയെ യാത്രക്കാരുടെ സഹായത്തോടെ ട്രെയിനിൽ നിന്ന് പുറത്ത് എത്തിച്ച് പ്ലാറ്റ് ഫോമിലെ ബെഞ്ചിൽ കിടത്തി.അരമണിക്കൂർ കാത്തിരുന്നിട്ടും സ്ട്രെച്ചറോ ആംബുലൻസോ ലഭിക്കാതിരുന്നതിനാൽ മറ്റ് യാത്രക്കാരുടെ സഹായത്തോടെ താങ്ങിപ്പിടിച്ച് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ആംബുലൻസ് എത്തി.
യാത്രക്കാർക്ക് ഒരു ആപത്ത് സംഭവിച്ചാൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനോ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുന്നതിനോ സംവിധാനങ്ങൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായി.