ചാരുംമൂട്: വിദ്യാർത്ഥികളുടെ മാനസിക, ശാരീരിക, കൗമാരകാല പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മാനസിക പിന്തുണ നൽകുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും അദ്ധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കാനുള്ള പരിശീലനം ഉടൻ തുടങ്ങും.
സംസ്ഥാന-ജില്ല- സ്‌കൂൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പദ്ധതിയുടെ നടത്തിപ്പും പരിശീലനവും ആരോഗ്യവകുപ്പിന് കീഴിലുളള ശിശുവികസന കേന്ദ്രത്തിനാകും. 8മുതൽ 12-ാം ക്ലാസ് വരെയുളള അദ്ധ്യാപകർക്ക് ആദ്യഘട്ടത്തിലും പ്രൈമറി -അപ്പർപ്രൈമറിതലത്തിലുളളവർക്ക് രണ്ടാം ഘട്ടത്തിലുമാകും പരിശീലനം.
സംസ്ഥാനതലത്തിൽ 200അദ്ധ്യാപകരെ ചേർത്തുള്ള മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലനത്തിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നേതൃത്വം നൽകും. സംസ്ഥാനതല പരിശീലനം ലഭിച്ചവർ ജില്ലാതലത്തിൽ പരിശീലനം നൽകും. നിയമ അവബോധം , കൗമാര വളർച്ചയും വെല്ലുവിളികളും, പഠനവൈകല്യം തിരിച്ചറിയൽ, കൗൺസലിംഗ് , ആന്റി റാഗിംഗ് ആക്ഷൻ പ്ലാൻ ആൻഡ് പോക്സോ ആക്ട്, കൗമാരകാലത്തെ ആരോഗ്യ, പോഷക ആവശ്യങ്ങൾ, മൈന്റ്ഫുൾനെസ് - സമ്മർദ്ദം ഒഴിവാക്കൽ എന്നിവയിലാണ് പരിശീലനം.
ജില്ലാതലത്തിൽ 4,239 അദ്ധ്യാപകർക്ക് മൂന്ന് ദിവസം പരിശീലനം നൽകും. ജില്ലാതലത്തിൽ പരിശീലനം നേടിയവർ സ്‌കൂൾതലത്തിൽ മൂന്ന് ശനിയാഴ്ചകളിലായി പരിശീലനം നൽകും. 80,000ത്തോളം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കാണ് ഫീൽഡ്തല പരിശീലനം. 17 മണിക്കൂറുകളായി 12 സെഷനുകൾ ഉൾപ്പെടുന്ന ഓഫ്‌ലൈൻ സെഷനിൽ കേസ് പഠനം, പ്രശ്നം പരിഹരിക്കൽ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി.
പരിശീലനം 11മുതൽ
റസിഡൻഷ്യൽ പരിശീലനം നാളെ മുതൽ 13വരെയും മൈൻഡ് ഫുൾനസ്സ് (മനഃപ്പാഠം) സെഷനുകൾ 21 മുതൽ 24വരെയും ശ്രീകാര്യം മരിയ റാണി കൺവൻഷൻ സെന്ററിൽ നടക്കും. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ജില്ലാതലത്തിലും നവംബർ - ഡിസംബറിൽ ഫീൽഡ് തലത്തിലും പദ്ധതി നടപ്പാക്കും.
ഓൺലൈനിൽ
ഓൺലൈൻ സംവിധാനത്തിലൂടെ അദ്ധ്യാപകരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കാനും കൈറ്റിന്റെ സഹായത്തോടെ സംവിധാനം ഒരുക്കും. ഡി.എൽ.എഡ്, ബി.എഡ് കരിക്കുലത്തിൽഗൈഡൻസ് ആൻഡ് കൗൺസലിംഗ് ചേർക്കുന്നത് സ്‌കൂൾതലത്തിൽ കൗൺസിലിംഗ് നൽകുന്നതിന് ഉപകാരപ്രദമാകും.
വിലയിരുത്തൽ
പദ്ധതിയുടെ വിലയിരുത്തലിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡിഷണൽ ഡയറക്ടർ (അക്കാഡമിക്) കൺവീനറുമായി മോണിട്ടറിംഗ് സെൽ രൂപീകരിച്ചു.
ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ (എച്ച്.എസ്.ഇ), അസിസ്റ്റന്റ് ഡയറക്ടർമാർ (വി.എച്ച്.എസ്.ഇ), ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരും സ്‌കൂൾതലത്തിൽ ഡി.ഇ.ഒ, ബി.പി.സി എന്നിവരും ചുമതല വഹിക്കും.