p

ആലപ്പുഴ: നാലാം ക്ളാസുകാരിക്കുണ്ടായ ക്രൂരപീഡനം യഥാസമയം മേലധികാരികളെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച വന്നെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടിയുടെ മുഖത്തെ പാടുകൾ കണ്ട അദ്ധ്യാപകർ വിവരങ്ങൾ ചോദിച്ച് മനസിലാക്കിയെങ്കിലും മേലധികാരികളെ യഥാസമയം അറിയിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും കേസെടുത്ത് വാർത്തയാകുകയും ചെയ്ത ശേഷമാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുൾപ്പെടെ വിവരം അറിഞ്ഞത്. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് നി‌ർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നാളെ സ്കൂളിലെത്തി കുട്ടിയെ നേരിൽക്കാണും.

അതിനിടെ,​ അറസ്റ്റിലായ പിതാവ് അൻസർ, രണ്ടാനമ്മ ഷെഫീന എന്നിവരെ കോടതി റിമാൻഡ് ചെയ്തു. അൻസറിനെ മാവേലിക്കര സബ് ജയിലിലേക്കും ഷെഫീനയെ കൊട്ടാരക്കര വനിതാ ജയിലിലേക്കും മാറ്റി.