ചെന്നിത്തല: നിർമ്മാണത്തിലിരുന്ന ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ ഗർഡർ തകർന്ന് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ട് എൻജിനീയർമാരടക്കം മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ ടെസ്സി തോമസ്, അസി.എൻജിനിയർ എസ്.ശ്രീജിത്ത്, ഓവർസിയർ വൈ.യതിൻ കുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയത് . കരാർ ഏറ്റെടുത്ത വല്യത്ത് കൺസ്ട്രക്ഷൻ കമ്പനി ഉടമ ഇബ്രാഹിംകുട്ടിയെ കരിമ്പട്ടികയിൽപ്പെടുത്താനും നിർദ്ദേശിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണി കഴിഞ്ഞായിരുന്നു ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ ഗർഡർ ഇളകി ആറ്റിൽ പതിച്ച് രണ്ടുതൊഴിലാളികൾ മുങ്ങിമരിച്ചത്. പൊതുമരാമത്ത് വകുപ്പ് ജില്ലാ വിജിലൻസ് ഓഫീസർ കൂടിയായ അസി.എക്സിക്യുട്ടിവ് എൻജിനിയർ ജീനയുടെ നേതൃത്വത്തിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.