ആലപ്പുഴ: സൗജന്യ ചികിത്സയും മികച്ച സേവനങ്ങളും നൽകി കേരളത്തിലെ ആരോഗ്യമേഖലയെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി വീണ ജോർജ് പറഞ്ഞു. കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധിയായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതി വഴിയാണ്.

വെറും 12 ആശുപത്രികളിൽ ഉണ്ടായിരുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ കേരളത്തിൽ 109 ആശുപത്രികളിൽ ഏർപ്പെടുത്തി വിപ്ലവാത്മകമായ രീതിയിൽമാറ്റം കൊണ്ടുവന്നത് ഈ സർക്കാരാണ്. തെറ്റായ പ്രചാരണങ്ങൾ വഴി ആരോഗ്യ പ്രവർത്തകരുടെ ആത്മ വീര്യം തകർക്കുവാൻ ആർക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു.