ambala

അമ്പലപ്പുഴ: മാനം തെളിഞ്ഞു,​ ചാകരയിൽ മത്തിയും കൊഴുവയും നിറഞ്ഞു. ഇതോടെ

നീണ്ട ഇടവേളക്ക് ശേഷം തോട്ടപ്പള്ളി ഹാർബർ ഉണർന്നു. മത്തി, കണവ, കൊഴുവ തുടങ്ങിയവയാണ് പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും ഇന്നലെ കരയിലെത്തിയത്.

ട്രോളിംഗ് നിരോധനം നീക്കിയതോടെ പുറംകടലിലായിരുന്ന പല ബോട്ടുകളും ഒരാഴ്ചത്തെ അദ്ധ്വാനത്തിന് ശേഷമാണ് കടൽശാന്തമായ തോട്ടപ്പള്ളി തീരമണിഞ്ഞത്. കുറെ നാളായി അന്യം നിന്ന കൂറ്റൻ കണവയാണ് ഇവർക്ക് ലഭിച്ചത്. രണ്ടെണ്ണം ഏകദേശം ഒരു കിലോ തൂക്കം വരും. ഒരു കിലോ 550 രൂപയ്ക്കാണ് വിറ്റത്. കേരള തീരത്ത് നിന്ന് പിടിക്കുന്ന കണവയ്ക്ക് വിദേശ വിപണയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ,​ കൊവിഡ് കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ചെമ്മീൻ കയറ്റുമതി നിലച്ചതോടെ പല വ്യവസായ സ്ഥാപനങ്ങളും പൂട്ടിപ്പോയി. ബോട്ടുകാർക്ക് കണവയും വള്ളത്തിൽ പോയവർക്ക് മത്തിയുമാണ് ലഭിച്ചത്. കുറെ നാളുകളായി ചാകരയിലെ വില്ലനായിരുന്ന വലിയ മത്തി ലഭിച്ചതിന്റെ സന്തോഷത്തിലാണ് തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളികൾ. മുട്ടവച്ച മത്തി കിലോയ്ക്ക് 240 രൂപയ്ക്കാണ് മൊത്ത കച്ചവടക്കാർ എടുത്തത്. എന്തായാലും നീണ്ട ഇടവേളക്കുശേഷം തോട്ടപ്പള്ളി ഹാർബറിൽ ആളും ആരവും ഉയർന്നിട്ടുണ്ട്.