ആലപ്പുഴ : 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം മന്ത്രി വീണ ജോർജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. തോമസ്.കെ.തോമസ് എം.എൽ.എ മുഖ്യാതിഥിയായി.
വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടിയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.
ആലപ്പുഴ വട്ടയാൽ സ്വദേശി കാക്കരിയിൽ എസ്.അനുപമയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 166 എൻട്രികളിൽ നിന്നാണ് അനുപമ തയ്യാറാക്കിയ കാക്കത്തമ്പുരാട്ടിയെ തിരഞ്ഞെടുത്തത്.
ബി.എഡ് ബിരുദധാരിയായ എസ് അനുപമ ഗ്രാഫിക് ഡിസൈനറാണ്. 2024ൽ ഫാസ്റ്റസ്റ്റ് ത്രീഡി പെയിൻറിങ്ങിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സ് ലഭിച്ചിട്ടുള്ള അനുപമ സ്‌കൂൾതല ദേശീയ പെയിന്റിംഗ് ജേതാവ് കൂടിയാണ്. 2021 ൽ കളർ പെൻസിലിൽ കഥകളി പോട്രേറ്റ് ചെയ്തതിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയും അനുപമക്ക് ലഭിച്ചിട്ടുണ്ട്. കലാകാരനായ എം സാജൻ, ലിസി ദമ്പതികളുടെ മകളാണ്.
ചടങ്ങിൽ മന്ത്രി വീണാ ജോർജ് ഭാഗ്യചിഹ്നം തയ്യാറാക്കിയ എസ്.അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.ഡി.എം ആശ സി എബ്രഹാം, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ്‌ലാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസർ, എബി തോമസ്, സുഭാഷ് ബാബു, പി.കെ.ബൈജു, രമേശൻ ചെമ്മാപറമ്പിൽ, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി.എസ്.സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര രാജാരവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്‌സ് അദ്ധ്യാപകരായ വി.ഡി.ബിനോയ്, കെ.എ.ഷാക്കിർ, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. എൻ.ടി.ബി.ആർ കമ്മിറ്റി നൽകുന്ന 10001 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും അനുപമക്ക് ലഭിക്കും.
ടിക്കറ്റ് വിതരണം തുടങ്ങി
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഏറ്റുവാങ്ങി.കെ.എസ്.ആർ.ടി.സി ജനറൽ കോൺട്രോളിംഗ് ഇൻസ്പെക്ടർ സണ്ണി പോൾ ടിക്കറ്റ് ഏറ്റുവാങ്ങി. തിങ്കളാഴ്ച മുതൽ ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും. കെ.എസ്.ആർ.ടി.സിയും ഡി.ടി.പി.സിയും ടിക്കറ്റ് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ ഓൺലൈനായും ടിക്കറ്റ് ലഭ്യമാകും.