ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകി കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തോണിന്റെ അഞ്ചാമത് എഡിഷൻ 24ന് വൈകിട്ട് 3.30ന് നടക്കും. കഴിഞ്ഞ വർഷം 3000 പേർ പങ്കെടുത്ത പരിപാടിയിൽ ഇക്കുറി 5000 അത്ലറ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. 10, 5, 3 കിലോമീറ്റർ ഫൺ റൺ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും നൽകും. മത്സരാത്ഥികൾക്ക് ജേഴ്സിയും മെഡലും ഡിന്നറും നൽകും. മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ കുടിവെള്ളം, ഭക്ഷണസാധനങ്ങൾ, വൈദ്യസഹായം തുടങ്ങിയവ ഒരുക്കും. രാത്രി 7ന് പരിപാടിയോട് അനുബന്ധിച്ച് സൂബ ഡാൻസ്, ഡി.ജെ മ്യൂസിക്ക് എന്നിവയും ഉണ്ടാകും. ബീച്ച് റണ്ണിന്റെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോർജജ് നിർവ്വഹിച്ചു. അത് ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ദീപക്ക് ദിനേശൻ എന്നിവർ സംസാരിച്ചു.