ambala

അമ്പലപ്പുഴ: കരൂർ പായൽക്കുളങ്ങരയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പായക്കുളങ്ങരയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് ആയിരങ്ങൾ. ഈ ആവശ്യമുന്നയിച്ചു നടന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ 250 ദിവസം പിന്നിട്ടപ്പോഴാണ് ആയിരങ്ങൾ പങ്കെടുത്ത റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.കരൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി പായൽക്കുളങ്ങരയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി പ്രസിഡന്റുകൂടിയായ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് മുഖ്യ പ്രഭാഷണവും അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാ അത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം സമര പ്രഖ്യാപനവും നടത്തി. എസ്.എൻ.ഡി.പിയോഗം 796-ാം നമ്പർ ശാഖാ സെക്രട്ടറി കെ.ഉത്തമൻ വലിയ പറമ്പ് ,5691-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.ശിവൻകുട്ടി നായർ, ജനകീയ സമിതി കൺവീനർ എം.ടി.മധു, ജോയിന്റ് കൺവീനർ എൻ.കെ.സഞ്ജീവൻ എന്നിവർ സംസാരിച്ചു.