തുറവൂർ:പട്ടണക്കാട് എസ്. സി.യു.ഗവ.വി.എച്ച്.എസ്.എസിൽ ഏഴാം ക്ലാസിലെ കുട്ടികൾക്ക് സൂക്ഷ്മ ജീവികളുടെ ശല്യം മൂലം ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെട്ട സംഭവത്തെ തുടർന്ന് വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആലപ്പുഴ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ യും നേതൃത്വത്തിൽ സ്ക്കൂളിൽ പരിശോധന നടത്തി. സ്കൂളിൽ നിന്ന് കണ്ടെത്തിയ സൂക്ഷ്മ ജീവിയെ വിശദപരിശോധനകൾക്കായി വെക്ടർ കൺട്രോൾ യൂണിറ്റ് സംഘം ശേഖരിച്ചു. വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജി.സുനിൽ , ഡി.വി.സി യൂണിറ്റിലെ ഫീൽഡ് അസി.പി.ഡി. പ്രസാദ്, ഇൻസെക്റ്റ് കളക്ട ർ ഡി.ശ്യാംകുമാർ,ഫീൽഡ് വർക്കർമാരായ സി.ആർ. വിനോദ്,എം.പി.ജയന്ത്, പി.സി. സിജേഷ്, പി.എ.അഭിലാഷ് , ആർ.രാകേഷ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഏഴാം സ്റ്റാൻഡേർഡിലെ ഡി ഡിവിഷനിലെ 31 കുട്ടികൾക്ക് പഴക്കമേറിയ തടി നിർമ്മിത ഡെസ്കിൽ നിന്ന് ശരീരത്തിൽ സൂക്ഷ്മ ജീവികളുടെ ആക്രമണം ഉണ്ടായത്. കുട്ടികൾക്ക് ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടായതിനെ തുടർന്ന് തുറവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ക്ലാസ് മുറികളിൽ അണുനശീകരണം നടത്താൻ ആരോഗ്യ വകുപ്പധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.