മുഹമ്മ: അടച്ചുറപ്പുള്ള വീടും സ്ഥലവുമില്ലാത്ത മണ്ണഞ്ചേരി പഞ്ചായത്തിലെ ദരിദ്രർക്കായി കേരള സർക്കാർ വിഭാവനം ചെയ്ത ഫ്ളാറ്റ് പദ്ധതിയെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ എതിരേറ്റത്. 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാറ്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇതിനായി മണ്ണഞ്ചേരി പഞ്ചായത്ത് 78 സെന്റ് സ്ഥലം വാങ്ങുകയും
6 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണത്തിനായി ഹൈദ്രബാദിലെ ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ജില്ലാ ലൈഫ് മിഷനായിരുന്നു മേൽ നോട്ട ചുമതല. ആദ്യഘട്ടത്തിൽ വളരെ വേഗം ഫ്ളാറ്റിന്റെ ഫൗണ്ടേഷൻ നിർമ്മിക്കുകയും ഏതാനും ഇരുമ്പ് തൂണുകളും നാട്ടുകയും പുരയിടം മുഴുവൻ നിർമാണത്തിന് ആവശ്യമായ ഇരുമ്പ് ഫ്രെയിമുകൾ നിർമ്മിച്ച് കൂട്ടിയിടുകയും ചെയ്തു. ഇതോടെ ഭവനരഹിതരായ പാവങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം നിർമ്മാണം നിർത്തിവച്ച് കമ്പനി സ്ഥലം വിടുകയായിരുന്നു.
നിർമ്മാണകമ്പനി സ്ഥലം വിട്ടു
1.നിർമ്മാണം നിലച്ചതോടെ അഞ്ച് വർഷമായി കാടുകയറിയ പുരയിടത്തിൽ നിർമ്മാണ സാമഗ്രികൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളും പട്ടിയും ശുദ്ര ജീവികളും പെറ്റുപെരുകി. ഇതോടെ ഇതുവഴി സഞ്ചരിക്കാൻ പോലും നാട്ടുകർക്ക് ഭയമായി
2. നിർമ്മാണ വസ്തുക്കൾ നശിക്കാൻ തുടങ്ങിയതോടെ 28 കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളുള്ള ഫ്ളാറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയും നഷ്ടമായി. അവരുടെ സ്വപ്നങ്ങൾക്ക് കാടുകയറിയതോടെ ഏറെ നിരാശയിലുമായി
3.വിദേശ മലയാളികളുടെ സാമ്പത്തിക സഹായത്തോടെ വടക്കാഞ്ചേരിയിൽ സർക്കാർ തുടക്കം കുറിച്ച ലൈഫ് ഭവന സമുച്ചയത്തിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് മണ്ണഞ്ചേരിയിലെ നിർമ്മാണകമ്പനി സ്ഥലം വിട്ടതെന്നും ആക്ഷേപമുണ്ട്
പദ്ധതി ചെലവ്:
6 കോടി
കുടുംബങ്ങൾ:
28