ആലപ്പുഴ: ആലപ്പുഴ നഗരസഭ കലണ്ടർ അടിസ്ഥാനത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിൻറെ ഭാഗമായി നഗരസഭ പരിധിയിൽ നിന്ന് കഴിഞ്ഞ 5 ദിവസങ്ങളിലായി 104 കളക്ഷൻ പോയിന്റുകളിൽ നിന്നായി 6 ടൺ ഇ-മാലിന്യങ്ങൾ ശേഖരിച്ച് സർക്കാർ അംഗീകൃത ഏജൻസിയായ ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറി. അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് ഏജൻസിക്ക് കൈമാറുന്നതിൻറെ ഫ്ലാഗ് ഓഫ് നഗരസഭാധ്യക്ഷ കെ.കെ ജയമ്മ നിർവ്വഹിച്ചു. മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ടം ക്യാമ്പയിന്റെ ഭാഗമായി ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ, മൈക്രോ ഒവൻ, ഗ്രെയ്ന്റർ, ഫാൻ,ലാപ്‌ടോപ്, മൗസ്, കീബോർഡ്, അയൺ ബോക്‌സ്, മോട്ടോർ, ടെലഫോൺ, തുടങ്ങിയവയുമായി എത്തുന്നവർക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ചിട്ടുള്ള താരിഫിന്റെ അടിസ്ഥാനത്തിൽ തുക നൽകിയത്. ഇ മാലിന്യത്തിൽ ഉൾപ്പെട്ട ആപൽക്കരമായ പിക്ചർ ട്യൂബ്, സി.എഫ്.എൽ, ട്യൂബുകൾ, ബൾബ്, തുടങ്ങിയവ കിലോക്ക് 55 രൂപയും 18 ശതമാനം ജി.എസ്.ടിയും കൊണ്ടുവരുന്നവരിൽ നിന്ന് ഈടാക്കിയുമാണ് ശേഖരണം നടത്തിയത്. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്‌കവിത അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, മാലിന്യ മുക്തം നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കൃഷ്ണമോഹൻ, ശങ്കർമണി, ഹരിതകർമ്മസേന കൺസോഷ്യം ഭാരവാഹികളായ മീനാക്ഷി, വിനീത, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.