ankanavadi-mannar

മാന്നാർ: അങ്കണവാടികൾക്ക് സ്ഥലവും കെട്ടിടവും സ്വന്തമാക്കി വികസനത്തിന്റെ നാൾവഴികളിലൂടെ കടന്നു പോകുന്ന മാന്നാർ ഗ്രാമപഞ്ചായത്തിൽ വിവാദങ്ങളും ഒഴിയുന്നില്ല. അങ്കണവാടികൾക്കായി വാങ്ങിയ വസ്തുവിൽ പ്രതിപക്ഷം അഴിമതി ആരോപിക്കുമ്പോൾ ഫണ്ട് അനുവദിച്ചില്ലെന്ന പരാതിയിയുമായി ഭരണ സമിതിയെയും പാർട്ടിയെയും വെട്ടിലാക്കി ക്ഷേമ സമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദും ചില ആളുകൾ തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ നടത്തുന്നതെന്ന് കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ വൈസ് പ്രസിഡന്റ് സെലീന നൗഷാദും പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചതോടെ അങ്കണവാടികൾ വിവാദങ്ങളിൽ ആടിയുലയുകയാണ്.

അങ്കണവാടികൾക്ക്സ്ഥലം വാങ്ങുന്നതിനായി നാല്പത്തി നാലര ലക്ഷവും കെട്ടിട നിർമ്മാണത്തിനായി 35 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഇതുവരെ വിനിയോഗിച്ചത്. 45 ലക്ഷം രൂപ മന്ത്രി സജി ചെറിയാനും 20 ലക്ഷം ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ചതുൾപ്പെടെ ഒന്നരക്കോടിയോളം രൂപയാണ് അങ്കണവാടികൾക്കായി ഈ നാലര വർഷം കൊണ്ട് വിനിയോഗിക്കുന്നത്. മികവാർന്ന പ്രവർത്തനങ്ങളിലൂടെ അങ്കണവാടികൾക്ക് പുതുജീവൻ പകർന്ന് നൽകിയതിന് 2023 - 2024 ൽ ആലപ്പുഴ ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പർ വൈസർ പുരസ്കാരം നേടാനും മാന്നാർ പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർ വൈസറിന് സാധിച്ചു.

.......

1. സ്വന്തമായി സ്ഥലമുണ്ടായിരുന്ന 12, 2 വാർഡുകളിൽ 17 ലക്ഷം രൂപ വീതം ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ച് നൽകി.

2. ഒന്നാം വാർഡിൽ 10 ലക്ഷം രൂപക്ക് വാങ്ങിയ 5 സെന്റ് സ്ഥലത്ത് മന്ത്രി സജി ചെറിയാന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിട നിർമ്മാണം നടക്കുകയാണ്

3.രണ്ടാം വാർഡിൽ ഒരു വ്യക്തി സൗജന്യമായി നൽകിയ മൂന്നുസെന്റ് സ്ഥലത്ത് കെട്ടിടം പണിയാൻ സജി ചെറിയൻ തുക നൽകും.

4. 4, 6, വാർഡുകളിൽ അങ്കണവാടികൾക്കായി സ്ഥലം വാങ്ങിയതിൽ നാലാം വാർഡിൽ കെട്ടിട നിർമ്മാണത്തിനായി 20 ലക്ഷം സജി ചെറിയാനും ആറാം വാർഡിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

5. എട്ടാം വാർഡിൽ വാങ്ങിയ സ്ഥലത്ത് സായി ട്രസ്റ്റ് കെട്ടിടം നിർമ്മിച്ച് നൽകുകയായിരുന്നു.

..............................

#നേടിയത് മികച്ച ഐ.സി.ഡി.എസ് സൂപ്പർ വൈസർ പുരസ്കാരം

"മാന്നാർ പഞ്ചായത്തിൽ കൂട്ടുത്തരവാദിത്വം ഇല്ലാത്ത ഭരണസമിതിയാണുള്ളത്. അങ്കണവാടിക്ക് ഭൂമി വാങ്ങിയത് ക്രമക്കേടിൽ കൂടിയാണെന്ന സി.പി.എം മെമ്പറായ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ പ്രസ്താവനയിൽ അന്വേഷണം നടത്തണം

-സുജിത്ത് ശ്രീരംഗം,കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ്

"രാഷ്ട്രീയ ഭേദമില്ലാതെ ഓരോ വാർഡുകളിലും വികസനങ്ങൾ കൊണ്ടുവരുവാനാണ് ശ്രമിച്ചത്. പത്രപരസ്യം നൽകി ഉടമസ്ഥരുടെ സമ്മത പത്രങ്ങൾ വാങ്ങി വാല്യുവേഷൻ നടത്തി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, ജോയിന്റ് ഡയറക്ടർ ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങിക്കൊണ്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ച് തന്നെയാണ് അങ്കണവാടികൾക്ക് വസ്തുക്കൾ വാങ്ങിയത്

ടി.വി.രത്നകുമാരി, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്