അമ്പലപ്പുഴ: കലാ രത്നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് അനുസ്മരണ സമ്മേളനവും സുവർണ മുദ്രാ സമർപ്പണവും നടന്നു. പഞ്ചവാദ്യ കലാകാരൻ മായന്നൂർ രാജുവിനാണ് ഈ വർഷത്തെ ക്ഷേത്ര വാദ്യ കലാ രത്ന പുരസ്കാരം നൽകിയത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. വാദ്യകലാ സമിതി പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. തൃശൂർ പൂരത്തിൽ തിരുവമ്പാടി മഠത്തിൽ വരവ് പഞ്ചവാദ്യ അമരക്കാരൻ കോങ്ങാട് മധു സുവർണ മുദ്ര സമർപ്പണം നിർവഹിച്ചു. പുരസ്കാര ജേതാവിനെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ പൊന്നാടയും, അമ്പലപ്പുഴ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജിത് കുമാർ പുഷ്പഹാരവും അണിയിച്ചു ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, ഗ്രാമ പഞ്ചായത്തംഗം സുഷമാ രാജീവ്, കേരള ക്ഷേത്ര വാദ്യകലാ സമിതി ജില്ലാ സെക്രട്ടറി മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ, അമ്പലപ്പുഴ ക്ഷേത്രം കോയ്മ സ്ഥാനി ശ്രീകുമാർ വലിയമഠം, വാദ്യകലാ സമിതി രക്ഷാധികാരി പി.വിജയകുമാർ, സെക്രട്ടറി മനോജ് എന്നിവർ സംസാരിച്ചു.