ആലപ്പുഴ: ദേശീയ പാത നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ടിപ്പർ ലോറി കരുവാറ്റ ഭാഗത്തു നിന്ന് മോഷണം പോയ സംഭവത്തിൽ ഒരാൾകൂടി ആറസ്റ്റിൽ. കണ്ണൂർ ഉളിയിൽ ചാവശേരി നാരായണപ്പാറ വീട്ടിൽ നൗഷാദിനെയാണ് (46) ഹരിപ്പാട് പൊലീസ് പിടികൂടിയത്.
ജൂൺ 26നാണ് ലോറി മോഷണം പോയത്. വണ്ടിയുടെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് തമിഴ്‌നാട് പൊലീസിന് വിവരം കൈമാറുകയും പ്രതികളെയും പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്കു മുമ്പ് മോഷണ കേസുമായി ബന്ധമുള്ള ഒരാളുമായി സമ്പർക്കം ഉണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതികളോട് ഇയാളെക്കുറിച്ച് ചോദിച്ചപ്പോൾ മലപ്പുറം സ്വദേശിയായ ഉസ്മാൻ എന്ന ഒരാളുമായി ബന്ധമുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മലപ്പുറം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരാൾ ഇല്ലന്നും പ്രതി ഇവരോട് പേരുമാറ്റി പറഞ്ഞതാണന്നും പൊലീസ് കണ്ടെത്തി. പിന്നീട് ഹരിപ്പാട് പൊലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നിർദ്ദേശപ്രകാരം സി.പി.ഒ നിഷാദ്, സജാദ് എന്നിവരുടെ നേതൃത്വത്തിൽ ലഭ്യമായിരുന്ന ഒരു മൊബൈൽ നമ്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മലപ്പുറം ചേളാരി പരപ്പനങ്ങാടി ഭാഗത്തെ ഒരു ലോഡ്ജിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.