ആലപ്പുഴ : സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച റേഡിയോളജി യൂണിറ്റിൽ കഴിഞ്ഞ ഏഴുമാസത്തിനിടെ സൗജന്യനിരക്കിൽ സ്കാൻ ചെയ്തത് 3600ലധികം പേർ. ഇതിൽ 450 പേർ എം.ആർ.ഐയും 3150 പേർ സി.ടി സ്കാനും ചെയ്തു. സ്വകാര്യ സ്കാനിംഗ് സെന്ററുകളിൽ 6000 രൂപയ്ക്ക് ചെയ്യുന്ന എം.ആർ.ഐ 2500 രൂപയ്ക്കും 3000 രൂപയുടെ സി.ടി സ്കാൻ 1300 രൂപയ്ക്കുമാണ് ജനറൽ ആശുപത്രിയിൽ ചെയ്യുന്നത്. പുതിയ ഒ.പി ബ്ലോക്കിൽ 20 കോടി ചെലവഴിച്ചാണ് അത്യാധുനിക രോഗനിർണയ സംവിധാനം സ്ഥാപിച്ചത്
24 മണിക്കൂറും സജ്ജം
ഏഴുമാസത്തിനിടെ 32000ൽ അധികം പേർ എക്സറേ പരിശോധന നടത്തി
എക്സറേ, സി.ടി സ്കാൻ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തന സജ്ജം
എം.ആർ.ഐ സ്കാനിംഗിന് രാവിലെ 9 മുതൽ വൈകിട്ട് നാലുമണിവരെ ഫോൺ വഴിയും നേരിട്ടും ബുക്ക് ചെയ്യാം
ദിവസം എട്ട് രോഗികൾക്ക് വരെ എം.ആർ.ഐ സ്കാൻ ചെയ്യാനാവും
ബുക്ക് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ എം.ആർ.ഐ സ്കാനുകൾ ചെയ്യാൻ കഴിയും
മറ്റുജില്ലകളിലെ സർക്കാർ ആശുപത്രികളെക്കാൾ കുറഞ്ഞ നിരക്കിലാണ് അത്യാധുനിക രോഗനിർണയ സേവനങ്ങൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നൽകി വരുന്നത്
-ഡോ.എസ്.ഗീത, കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്