വള്ളികുന്നം: കാട്ടുപന്നി ആക്രമണത്തിൽ വൻ കൃഷി നാശം. പള്ളിമുക്കിന് സമീപം കൈതവന പുത്തൻവീട്ടിൽ വാസുദേവൻ നായരുടെ പറമ്പിലെ കുലച്ച ഏത്തവാഴ,മരച്ചീനി, ചേന, ചേമ്പ്, കിഴങ്ങ്, കാച്ചിൽ, വെണ്ട, വഴുതനങ്ങ തുടങ്ങി ഒട്ടേറെ കാർഷിക വിളകൾ കഴിഞ്ഞ ദിവസം രാത്രിയും പകലുമായി കാട്ടുപന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ കൂട്ടമായി കൃഷി നശിപ്പിക്കുന്നത്. പല ദിവസങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങൾ പതിവാണ്. സ്വന്തമായും കൂലിക്ക് ആളിനെ ജോലിക്ക് നിർത്തിയും പണം മുടക്കിയാണ് കൃഷി ചെയ്യുന്ന കർഷകരെ ഇത് ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും പന്നി ശല്യം കൂടി ആയപ്പോൾ ഇനി കൃഷി ചെയ്യുന്നില്ലെന്ന നിലപാടിലാണ് കർഷകർ.