ആലപ്പുഴ: സംഭരിച്ച നെല്ലിന്റെ വിലയായ 474 കോടി രൂപ ഉടൻ നൽകുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമാന സംഘടനകളുടെ സഹകരണത്തോടെ കർഷക ദിനമായ 17ന് തോട്ടപ്പള്ളിൽ ഏകദിന ഉപവാസം നടത്തും.

സർക്കാർ അനാസ്ഥ മൂലംഉപ്പുവെള്ളം കയറി കൃഷി നശിച്ചവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുക, കുട്ടനാട്ടിൽ ഓരു വെള്ളം കയറാതിരിക്കാനും വെള്ളം പ്പൊക്കം നിയന്ത്രിക്കാനും തോട്ടപ്പള്ളി സ്പിൽവേ അടിയന്തരമായി പുനർനിർമ്മിക്കുക, തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കർഷക ദിനം, കർഷകദ്രോഹ ദിനമായി ആചരിക്കാനും എല്ലാ കൃഷിഭവനുകൾക്കു മുന്നിലും പ്രതിഷേധ ബോർഡുകൾ സ്ഥാപിക്കാനും സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. രക്ഷാധികാരി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി.ജെ.ലാലി, സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, പി.വേലായുധൻ നായർ, കെ.ബി.മോഹനൻ, റോയ് ഊരംവേലിൽ, സന്തോഷ് പറമ്പിശ്ശേരി, വിശ്വനാഥപിള്ള ഹരിപ്പാട്, കറിയാച്ചൻ ചേന്നങ്കര, പി. ശിവൻകുട്ടി കരുകകോണിൽ, എ.ജി.അജയകുമാർ, സണ്ണിച്ചൻ മേപ്ര തുടങ്ങിയവർ പ്രസംഗിച്ചു.