ആലപ്പുഴ: കോടതിപ്പാലം നവീകരണവുമായി ബന്ധപ്പെട്ട് വാടക്കനാലിന്റെ തെക്കേക്കരയിൽ പൈലിംഗ് ജോലികൾ ആരംഭിക്കുന്നതിന് വൈദ്യുതി കണ്‌ഷൻ ലഭ്യമാക്കി. ഔട്ട് പോസ്റ്റിന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി പോയിന്റ് സ്ഥാപിച്ചതോടെ തെക്കേക്കരയിലെ പൈലിംഗ് ജോലികൾ ഉടൻ ആരംഭിക്കാനാണ് നനീക്കം.
ഔട്ട് പോസ്റ്റുമുതൽ കോടതിപ്പാലം വരെയുള്ള ഭാഗത്താകും ആദ്യം പൈലിംഗ്. ഇതിനാവശ്യമായ ടാങ്കുകളുൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കും. തെക്കേക്കരയിൽ നിലവിൽ ചെറിയ വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും പൈലിംഗ് പുരോഗമിക്കുന്നതനുസരിച്ച് റോഡ് പൂർണമായും ബാരിക്കേഡ് ചെയ്യും. തെക്കേക്കരയിലെ വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടൊഴിവാക്കുന്നതിനായാണ് നിർമ്മാണത്തിന്റെ ആദ്യഘട്ടം പിന്നിടും വരെ ഇതുവഴി ഗതാഗതം അനുവദിച്ചത്. തെക്കേക്കരയിലൂടെയുള്ള ഗതാഗതം തുടരാനുള്ള തീരുമാനം നെഹ്രു ട്രോഫി വള്ളംകളിയും ഓണത്തിരക്കും കഴിയും വരെ യാത്രക്കാർക്കും വ്യാപാരികൾക്കും സഹായകമാകും. വൈ.എം.സി.എയിൽ നിന്ന് ഔട്ട് പോസ്റ്റ് വരെ ചെറിയ വാഹനങ്ങളിൽ യാത്രചെയ്യാൻ കഴിയുന്നത് മുല്ലയ്ക്കൽ തെരുവിലേക്കും ബോട്ട് ജെട്ടി, ട്രാൻ. സ്റ്രാന്റ് എന്നിവിടങ്ങളിലേക്കുളള യാത്രക്കാർക്കും തുണയാണ്.