ആലപ്പുഴ : ജില്ലാ കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ജാഥകൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ഇത്തരം പരിപാടികൾ സക്കറിയ ബസാർ മുതൽ പടിഞ്ഞാറോട്ട് ബീച്ച് ഭാഗവും റിക്രിയേഷൻ ഗ്രൗണ്ടും കേന്ദ്രീകരിച്ച് നടത്തണമെന്നാണ് നിർദ്ദേശം. കോടതിപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കോടതിപ്പാലത്തിന്റെ സമീപം ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും കൺട്രോൾ റൂം മുതൽ വൈ.എം.സി.എ വരെ കനാലിന്റെ തെക്ക് വശത്ത് കൂടി ചെറുവാഹനങ്ങൾക്ക് പോകുവാനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ.ആർ.എഫ്.ബിഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴ ഡിവൈ എസ്.പി എം.ആർ.മധുബാബു, മോട്ടോർ വാഹന വകുപ്പ്, പി.ഡബ്ല്യു.ഡി, കെ.ആർ.എഫ്.ബി, കെ.എസ്. ഇ.ബി, നഗരസഭ, പൊലീസ്, വിദ്യാഭ്യാസം, റവന്യു എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരികൾ, സ്വകാര്യ ബസ് സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കൈയേറ്റം നീക്കം ചെയ്യും

 കല്ലുപാലം-ഇരുമ്പ് പാലം, പിച്ചുഅയ്യർ ജംഗ്ഷൻ, പഴവങ്ങാടി എന്നിവിടങ്ങളിൽ അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ

 റോഡിന്റെ വശങ്ങൾ കൈയേറി സ്ഥാപിച്ച കടകളുടെ ബോർഡുകളും തട്ടുകടകളുടെ ഭാഗങ്ങളും നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കും
 ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നിന്ന് നഗരചത്വരം, മിനി സിവിൽസ്റ്റേഷൻ വഴി പോകുന്ന റോഡ് ടാർ ചെയ്യും

 ഈ റോഡിലൂടെ സ്വകാര്യ ബസുകൾക്ക് കടന്നു പോകുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഉദ്യോഗസംഘത്തെ ചുമതലപ്പെടുത്തി

 നഗരത്തിലെ ഇടറോഡുകളുടെ വീതി താൽക്കാലികമായി കൂട്ടി ഗതാഗത പ്രശ്നം പരിഹരിക്കാൻ സാധിക്കുമോ എന്നും ഈ സംഘം പരിശോധിക്കും