ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വളർത്തുനായ,​തെരുവുനായ നിയന്ത്രണ പരിപാടി തയ്യാറാക്കുന്നതിന് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു.
തെരുവുനായ വന്ധ്യംകരണം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രാരംഭഘട്ടത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലയിൽ നടപ്പാക്കും. നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ മൃഗസ്നേഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ ആഴ്ച തന്നെ യോഗം ചേരും. കൂടാതെ വെറ്ററിനറി ഡോക്ടർമാരുടെ യോഗം സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞവർഷം ജില്ലയിൽ 13,571 തെരുവുനായ്ക്കളെ വാക്സിനേഷന് വിധേയമാക്കിയതായും ആലപ്പുഴ നഗരസഭയിൽ 77 ശതമാനം വാക്സിനേഷൻ പൂർത്തിയതായും പറഞ്ഞു.

വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ബോർഡ് അംഗം ഡോ.ആർ.വേണുഗോപാൽ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സി.അലക്‌സ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.പ്രദീപ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.വി.അരുണോദയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിലീപ്കുമാർ, ഡി.പി.എം ഡോ.കോശി സി. പണിക്കർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി.സി നിത്യ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി.വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.