ആലപ്പുഴ: ദേശീയപാത 66 കഞ്ഞിക്കുഴി എ.എസ് കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിന് ദേശീയപാത അതോറിട്ടി തയ്യാറാവണമെന്ന് മന്ത്രി പി.പ്രസാദ് ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ആലപ്പുഴ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് റോഡ് നിർമ്മാണവുമായി ദേശീയപാത അതോറിട്ടി മുന്നോട്ടു പോകുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. പാലം നിർമ്മിച്ചില്ലെങ്കിൽ ദുരന്തനിവാരണം,ഉൾനാടൻ ജലഗതാഗതം,വെള്ളക്കെട്ട് നിവാരണം,ടൂറിസം, ആരോഗ്യം എന്നീ മേഖലകളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ഒഴുക്കില്ല എന്ന ദേശീയപാത അതോറിറ്റിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. കഞ്ഞിക്കുഴിയിൽ പാലം നിർമ്മാണത്തിന് ദേശീയപാത അതോറിട്ടി പണം മുടക്കണമെന്നും ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.