കുട്ടനാട് : കുട്ടനാട് താലൂക്ക് ഓഫീസിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. കനത്ത കാലവർഷത്തിൽ പൂർണ്ണമായും ഭാഗികമായും വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുന്നത് ഉൾപ്പടെ നൂറോളം ഫയലുകളാണ് തീരുമാനമാകാതെ കിടക്കുന്നത്. കൈക്കൂലിക്കേസിൽ പഴയ തഹസിൽദാർ സസ്‌പെൻഷനിലാകുകയും പുതിയയാൾ ചാർജ്ജെടുക്കുകയും ചെയ്തിട്ട് മാസങ്ങളായി.
എന്നാൽ, നിലവിലെ തഹസീൽദാർക്ക് പുതിയ ഐ.ഡി അനുവദിക്കാത്തതുകാരണം ഫയലുകൾ സ്വീകരിക്കാൻ കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
തഹസിൽദാർ സസ്‌പെൻഷനിലായതോടെ അദ്ദേഹത്തിന്റെ ഐ.ഡിക്ക് പകരം തെളിയുന്നത് താലൂക്ക് ഓഫീസിലെ പഴയ ബോട്ട് ഡ്രൈവറുടെ വിലാസമാണ്. പുതിയ ഐ.ഡി അനുവദിച്ചിട്ടുമില്ല. ഇതുകാരണം അടിയന്തര തീരുമാനം കൈക്കൊള്ളേണ്ട ഫയലുകൾ പോലും കളക്ടേറ്റിലേക്കോ, മറ്റ് ഓഫീസുകളിലേക്കോ, കൈമാറാനോ തീരുമാനമെടുക്കാനോ കഴിയാതെ വട്ടം ചുറ്റുകയാണ് ജീവനക്കാർ.
ഫയലുകൾ സ്വീകരിക്കാനാകാതെ തഹസിൽദാർ
1. പുളിങ്കുന്ന്, തലവടി, എടത്വ തുടങ്ങിയ വില്ലേജുകളിൽ വീടുകൾക്ക് കാറ്റിലും മഴയിലും നശിച്ചപ്പോൾ വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ച് താലൂക്ക് ഓഫീസിലേക്കും കള്ട്രേറ്റിലേക്കും റിപ്പോർട്ട് കൈമാറിയങ്കിലും തുടർനടപടി നീളുകയാണ്
2. സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്ന മുറയ്ക്ക് വീട് പുതുക്കിപ്പണിത് കയറിക്കിടക്കാമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുന്ന പ്രായമേറിയവർ മുതൽ കുഞ്ഞുകുട്ടികൾ വരെയുള്ള കുടുംബങ്ങളുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്
3. മിക്കകുടുംബങ്ങളും ബന്ധുവീടുകളിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നതും അന്തിയുറങ്ങുന്നതും. നിലവിലെ തഹസിൽദാർക്ക് പുതിയ ഐ.ഡി അനുവദിക്കുകയോ ഫയലുകൾ സ്വീകരിക്കാനുള്ള വഴിയൊരുക്കുകയോ വേണമെന്നതാണ് ആവശ്യം