ആലപ്പുഴ : സംസ്ഥാനത്ത് നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയും കേന്ദ്ര കൃഷിമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കേരളത്തിലെത്തുമെന്ന് സൂചന. കേരളത്തിലെ നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നെൽകർഷക സംരക്ഷണ സമിതിയുൾപ്പെടെ വിവിധ നെൽ കർഷക സംഘടനകളുമായി കഴിഞ്ഞ ദിവസംചർച്ച ചെയ്യവേ മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനാണ് കേന്ദ്രഇടപെടലിന്റെ സൂചന നൽകിയത്.
സപ്ളൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതുൾപ്പെടെ നിലവിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളെല്ലാം യോഗത്തിൽ ചർച്ചയായി.
പാലക്കാട്,തൃശൂർ,ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കർഷകരാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്രം മിനിമം താങ്ങുവില കൂട്ടുന്നതിന് ആനുപാതികമായി സംസ്ഥാനസർക്കാർ വിഹിതത്തിൽ വരുത്തുന്ന കുറവ്, പമ്പിംഗ് സബ്സിഡിയുൾപ്പെടെയുള്ള കുടിശികകൾ , രാസവളത്തിന്റെ അമിതമായ വിലക്കയറ്റം എന്നിവ കർഷക പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ആഗോള താപനത്തിന്റെ ഭാഗമായി യു.എൻ രക്ഷാസമിതിയിൽ നിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായം കേന്ദ്രസർക്കാർ വാങ്ങിയെടുത്ത് കുട്ടനാട്ടിലെ പുറം ബണ്ടുകളുടെയുൾപ്പെടെ സംരക്ഷണത്തിനുള്ള കുട്ടനാട് പാക്കേജ് പുനരാരംഭിക്കണമെന്ന് ആലപ്പുഴയിൽ നിന്നുള്ള കർഷകർ ആവശ്യപ്പെട്ടു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായം നെൽകൃഷി ഉൾപ്പെടെ കേരളത്തിലെ കാർഷികരംഗത്ത് ലഭ്യമാക്കുന്നനതിന് കേന്ദ്ര ഇടപെടലുണ്ടാകണമെന്ന ആവശ്യം കർഷകരിൽ നിന്നുണ്ടായി. ഏക്കറിന് 20 ദിവസത്തെ കൂലി എന്ന നിലയിൽ സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം.
നെല്ലിന് സമയബന്ധിതമായി ന്യായവിലയും ഉത്പാദനവർദ്ധനവിനാവശ്യമായ സഹായങ്ങളും ലഭ്യമാക്കണമെന്ന നിർദേശവും കർഷകർ മുന്നോട്ടുവച്ചു.