കായംകുളം : കായംകുളത്തുനിന്ന് കാണാതായ വീട്ടമ്മയെ കായംകുളം പൊലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ചു. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ പരേതനായ വിനോദിന്റെ ഭാര്യ രഞ്ജിനിയെ (45)നെയാണ് കണ്ണൂരിൽ നിന്നും കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് കായംകുളം പൊലീസിൽ പരാതി നൽകി രണ്ടുമാസമായിട്ടും വിവരങ്ങൾ ലഭിക്കാത്തതിൽ മനംനൊന്ത് ഭർത്താവ് വിനോദ് കഴിഞ്ഞ വെള്ളിയാഴ്ച ജീവനൊടുക്കിയിരുന്നു.
ജൂൺ 11ന് രാവിലെ 11ന് ബാങ്കിൽ പോകുന്നെന്ന് പറഞ്ഞാണ് രഞ്ജിനി വീട്ടിൽ നിന്ന് ഇറങ്ങിയത്. കണ്ണൂരിൽ ഒരുവീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു. വിനോദിന്റ മരണവാർത്ത അറിഞ്ഞ വീട്ടുകാർ കണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. അവർ കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് വീട് വിട്ടുപോകാൻ കാരണമെന്നും ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ആളാണ് ഹോ നഴ്സിംഗ് ഏജൻസിയുടെ നമ്പർ നൽകിയതെന്നും അവർ പൊലീസിനോട് പറഞ്ഞു.രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നു.
രഞ്ജിനിയെ കാണാതായതോടെ വിനോദ് മാനസികമായി തകർന്നിരുന്നു. ഭാര്യ തിരിച്ച് വരണമെന്നും ബാദ്ധ്യതകൾ തീർക്കാമെന്നും കരഞ്ഞ് പറയുന്ന പോസ്റ്റ് വിനോദ് നവമാദ്ധ്യമങ്ങളിൽ ഇട്ടിരുന്നു.