a

മാവേലിക്കര : സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ 14 വർഷം കഠിന തടവി​നും 3000 രൂപ പിഴയടക്കാനും ശി​ക്ഷി​ച്ചു. ഉളുന്തി എണ്ണയ്ക്കാട് തോട്ടത്തിൽ ജോയിയെയാണ് (64) മാവേലിക്കര അഡീഷണൽ ഡിസ്‌ട്രിക്‌ട് ആന്റ് സെഷൻസ് കോടതി ജഡ്ജി പി​.പി​.പൂജ ശി​ക്ഷി​ച്ചത്. 2022ൽ മാന്നാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സഹോദരനായ ഡെന്നീസിനെ ജോയി​ നിരന്തരം ചീത്ത വിളിക്കുകയും സഹോദരിയുടെ കൊച്ചുമക്കളെ അസഭ്യം പറയുകയും ചെയ്തി​രുന്നു. ഇത് ഡെന്നീസ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ജോയിയും ഡെന്നീസും ഒന്നിച്ച് താമസിച്ചിരുന്ന തോട്ടത്തിൽ വീടിന്റെ ഹാളി​ൽ വെച്ച് പ്രതി ഡെന്നീസിന്റെ കരണത്തടിക്കുകയും മൂർച്ചയുള്ള പിച്ചാത്തി തിരിച്ച് പിടിച്ച് ഇടത് കാൽമുട്ട് ഭാഗത്തും ഇടത് കണ്ണ് ഭാഗത്തും അടിച്ച ശേഷം തള്ളി താഴെയിടുകയും ചെയ്തു. പിന്നീട് പിച്ചാത്തി കൊണ്ട് തലക്ക് പുറകിലും നെറ്റി ഭാഗത്തും ഇടത് കൈമുട്ട് ഭാഗത്തും വെട്ടി ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. മാന്നാർ സ്റ്റേഷനിലെ മുൻ സി.ഐ സുരേഷ് കുമാർ.ജി അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസ്സിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.