മാവേലിക്കര : ലഹരിക്കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാവേലിക്കര എക്സൈസ് കോംപ്ലക്സ് ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2.47 കോടി രൂപ ചെലവിലാണ് എക്സൈസ് റേഞ്ച് ഓഫീസും സർക്കിൾ ഓഫീസും ഉൾപ്പെടുന്ന എക്സൈസ് കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട നിർമ്മാണത്തിനായുള്ള തുക ഉടൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. മുൻ എം.എൽ.എ ആർ.രാജേഷ്, എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാർ, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ എസ്.ദേവമനോഹർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീല തഴക്കര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എസ്.അനിരുദ്ധൻ, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജി.ഹരിശങ്കർ, സോഷ്യൽ വെൽഫെയർ സർവീസ് സഹകരണസംഘം പ്രസിഡന്റ് മുരളി തഴക്കര, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.