ph

കായംകുളം :വിവാദങ്ങൾക്കിടയിലും ദേശീയശുചിത്വ സർവേയായ സ്വച്ഛ് സർവേഷൻ 2024ൽ നേട്ടം കൊയ്ത കായംകുളം നഗരസഭയിൽ, ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം ഉടനുണ്ടാകും. ശുചിത്വകേരളം അർബൻ ഫണ്ടിൽ നിന്ന് ലഭിച്ച മൂന്ന് കോടി രൂപ ചിലവഴിച്ച് മുരിക്കുംമൂട്ടിലാണ് പ്ളാന്റ് പൂർത്തിയാക്കിയത്.

ഗ്രൗണ്ടിൽ എത്തിക്കുന്ന മാലിന്യം പ്ലാന്റിലേക്ക് മാറ്റുന്നതിന് മുമ്പ് ചെറിയ കഷണങ്ങളാക്കി മാറ്റും. ഇത് പ്ലാന്റിലിട്ട് സംസ്‌കരിക്കും. ദ്രവ്യരൂപത്തിലായ മാലിന്യത്തിൽ ബാക്ടീരിയ കലർത്തി 10 മുതൽ 20 ദിവസത്തിനുള്ളിൽ വളമായി മാറ്റും. പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കാവുന്ന വളം പായ്ക്ക് ചെയ്ത് വിൽപ്പന നടത്തും. ഇതിന്റെ വരുമാനത്തിന്റെ വിഹിതം നഗരസഭയും പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന കമ്പനിയും പങ്കിടും. ജൈവശേഷിയുള്ള ഏത് മാലിന്യവും പ്ലാന്റിലിട്ട് പൊടിച്ച് വളമാക്കി മാറ്റാം. അറവുശാലയിലെ മാലിന്യങ്ങളുൾപ്പെടെ ഇതിലൂടെ സംസ്‌കരിക്കാം. നേരത്തെ നഗരസഭയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തോടു ചേർന്ന് വാങ്ങിയ നാലര ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പഴയ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഇവിടെ നിന്നും പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും വേർതിരിച്ച് ഭൂമി വീണ്ടെടുക്കുന്ന പ്രവർത്തനം നടന്നുവരികയാണ്.

നിർമ്മാണച്ചെലവ്

₹3കോടി

1. പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ നഗരത്തിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി മാറ്റാം

2. വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമൊക്കെ പുറന്തള്ളുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കും

3. മുരിക്കുംമൂട്ടിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ നാലര ഏക്കർ സ്ഥലത്താണ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം

4. പ്രതിദിനം ആറ് ടൺ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ശേഷിയുള്ള യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്

5. ഹോട്ടൽ, വീട്ടുകൾ എന്നവിടങ്ങളിൽ നിന്നും പുറന്തള്ളുന്ന ജൈവമാലിന്യങ്ങൾ നഗരസഭ വാഹനങ്ങളിൽ ശേഖരിച്ച് പ്ലാന്റിലെത്തിക്കും